ഇടുക്കി രൂപതാ 4 -ാം മത് മരിയൻ തീർത്ഥാടനം സെപ്റ്റംബർ 7 ന്

ഇടുക്കി രൂപതാ 4-ാമത് മരിയൻ തീർത്ഥാടനം സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച നടക്കുമെന്ന് രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തീർത്ഥാടനത്തിന് രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകും.രാജാക്കാട് ക്രിസ്‌തുരാജാ ഫൊറോനാ ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന കാൽനട തീർത്ഥാടനം ഉച്ചകഴിഞ്ഞ് 1.30 ന് രാജകുമാരി ദൈവമാതാ തീർത്ഥാടന ദൈവാലയത്തിൽ എത്തിച്ചേരും.
തുടർന്ന് നടക്കുന്ന തിരുകർമ്മങ്ങൾക്ക് സീറോ മലബാർ സഭയുടെ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരക്കലിൻ്റെ മുഖ്യ കാർമികത്വം വഹിക്കും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും.തീർത്ഥാടനത്തിൻ്റെ ഭാഗമായി അടിമാലി സെന്റ് ജൂഡ് ഫൊറോനാ ദൈവാലയത്തിൽ നിന്നും സെപ്റ്റംബർ 6 വെള്ളിയാഴ്ച വൈകിട്ട് 3 ന് മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ നേതൃത്വത്തിൽ കാൽനട തീർത്ഥാടനം ആരംഭിക്കും.
അടിമാലി, ആയിരമേക്കർ, കല്ലാർകുട്ടി, വെള്ളത്തൂവൽ, പന്നിയാർകുട്ടി വഴിയാണ് തീർത്ഥാടനം രാജാക്കാട് പള്ളിയിൽ എത്തിച്ചേരുന്നത്. തുടർന്ന് ശനിയാഴ്ച രാവിലെ 9.30ന് പ്രത്യേക പ്രാർത്ഥനകൾക്കുശേഷം തീർത്ഥാടനം ആരംഭിക്കും.തീർത്ഥാടനത്തിൻ്റെ ക്രമീകരണത്തിനായി വികാരി ജനറൽമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ,
ഫാ.ജോർജ് പാട്ടത്തേക്കുഴി, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ. ജോസഫ് മാതാളികുന്നേൽ, ജോർജ് കോയിക്കൽ, ജെറിൻ പട്ടാംകുളം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. വാർത്താ സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ മീഡിയാ കമ്മീഷൻ ഡയറക്‌ടർ, ഫാ. ജിൻസ് കാരയ്ക്കാട്ട് കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ജോർജ് കോയിക്കൽ തുടങ്ങിയവർ പങ്കെടുത്തു.