മലയോര ഹൈവേയുടെ ഭാഗമായ ഇരുപതേക്കർ പാലത്തിന്റെ നിർമ്മാണം വൈകുന്നതായി പരാതി

മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായ കട്ടപ്പന നരിയംപാറ റീച്ചിൽ നിർമ്മാണം പൂർത്തിയാകേണ്ടതായിരുന്നു ഇരുപതേക്കർ പാലം. എന്നാൽ ബിഎംബിസി നിലവാരത്തിൽ ടാറിങ് പണികൾ പൂർത്തിയാക്കുകയും, അവസാനഘട്ട നിർമ്മാണ പ്രവർത്തനമായ സ്ട്രീറ്റ് ലൈറ്റുകൾ അടക്കമുള്ളയുടെ പ്രവർത്തനം അവസാന ഘട്ടത്തിലുമാണ്. എന്നാൽ പാലം നിർമ്മാണത്തിന്റെ കാര്യത്തിൽ മാത്രം അനിശ്ചിതത്വം തുടരുകയാണ്.
പാലം നിർമ്മാണം ആരംഭിക്കുന്നതോടെ ഇവിടുത്തെ ഒരു വീട്ടുകാരെ മാറ്റി താമസിപ്പിക്കാൻ നഗരസഭ അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ല എന്നതായിരുന്നു നഗരസഭാ പ്രതിപക്ഷത്തിന്റെയും എൽഡിഎഫ് നേതാക്കളുടെയും ആരോപണം. എന്നാൽ നഗര സഭയിൽ നിന്ന് ചെയ്യേണ്ട നടപടികൾ ചെയ്തു എന്നും സർക്കാർ തലത്തിൽ ഉണ്ടാകുന്ന കാലതാമസമാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് നഗരസഭയുടെ വാദം. ഇത്തരത്തിലെ വാദപ്രതിവാദങ്ങൾ തുടരുമ്പോഴും ദുരിതത്തിൽ ആകുന്നത് നിരവധിയായ യാത്രക്കാരാണ് .
മഴ പെയ്യുന്നതോടെ ചെളികുണ്ടിലൂടെയും ഭീമൻ ഗർത്തങ്ങളിലൂടെയും വേണം യാത്ര ചെയ്യാൻ. പാലത്തിൽ പണി പൂർത്തിയാക്കാത്തത് അറിയാതെ എത്തുന്ന വാഹനങ്ങൾ രാത്രി സമയങ്ങളിൽ അപകടത്തിൽ പെടുന്നതും പതിവാണ്. അതോടൊപ്പം പലപ്പോഴും ഈ ഭാഗത്ത് വലിയ ഗതാഗത തടസ്സവും ഉണ്ടാകുന്നു . ഇരുചക്ര വാഹന യാത്രക്കാരും നന്നേ പാടുപെട്ടാണ് ഇതുവഴി കടന്നു പോകുന്നത് .
അതോടൊപ്പം കാൽനട യാത്രക്കാർക്കും റോഡിലെ വെള്ളക്കെട്ടും ചെളിയും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പാലത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയോ, യാത്രക്ലെശം പരിഹരിക്കാൻ താൽക്കാലിക പരിഹാരമെങ്കിലും ഒരുക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.