വണ്ടിപ്പെരിയാറിൽ ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചത് പാമ്പ് കടിയേറ്റെന്ന് പ്രാഥമിക നിഗമനം

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തേനി മെഡിക്കൽ കോളേജ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. വണ്ടിപ്പെരിയാർ ഗവൺമെന്റ് യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി സൂര്യയ്ക്ക് കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിൽ വച്ച് കളിച്ചുകൊണ്ടിരുന്നപ്പോൾ വീണ് കാലിന് പരിക്കേറ്റിരുന്നു. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ സ്കൂളിൽ സൂര്യ എത്തിയതുമില്ല.
ഈ സമയം കുട്ടിയുടെ ഇടതു കാലിന് നീര് വയ്ക്കുകയും ശരീരമാസകലം വ്യാപിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ദേഹമാസകലം നീര് കാണുന്നത്.പിന്നീട് അവിടെ നിന്നും സൂര്യയെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് . എന്നാൽ പ്രവേശിപ്പിക്കുന്നതിന് തൊട്ടു മുൻപായി മരണം സംഭവിച്ചു.
വീഴ്ചയിൽ ഉണ്ടായ പരിക്ക് ആകാം മരണകാരണമെന്നാണ് ആദ്യം കരുതിയത്.എന്നാൽ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വിഷബാധയേറ്റാണ് മരണം സംഭവിച്ചത് എന്ന് കണ്ടെത്തി.കടുത്ത വിഷമില്ലാത്ത പാമ്പാകാം കടിച്ചതെന്നും, ഇത് ശ്രദ്ധിക്കാതെ ഇരുന്നതിനാൽ വിഷം ശരീരം മൊത്തം വ്യാപിച്ചാണ് മരണം സംഭവിച്ചത് എന്നും ആശുപത്രി അധികൃതർ അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പശുമല പൊതു സ്മശാനത്തിൽ സംസ്കരിച്ചു.