ഉത്പാദനം അഞ്ചിലൊന്നായി ചുരുങ്ങി, ഹൈറേഞ്ചിലെ തേയില കർഷകർ പ്രതിസന്ധിയിൽ

ഏറ്റവും കൂടുതല്‍ കൊളുന്ത് ഉത്പാദനമുള്ള ഈ സീസണില്‍ സാധാരണ 2000 ത്തിന് മുകളിൽ കിലോ പച്ച കൊളുന്ത് കിട്ടിയിരുന്ന കർഷകന് ഏതാനും ആഴ്ചകളായി ലഭിക്കുന്നത് 500 കിലോ യിൽ താഴെ മാത്രമാണ് .കൃത്യമായി 15 ദിവസം കൂടുബോള്‍ പച്ച കൊളുന്ത് എടുത്തിരുന്ന കർഷകർക്ക് ഇപ്പോള്‍ ഒരു മാസമായാലും ചെടിയില്‍ നിന്ന് കൊളുന്ത് കിട്ടുന്നില്ല. തുടർച്ചയായി പെയ്യുന്ന മഴ കാരണം പച്ച കൊളുന്ത് രണ്ടിലയും മൊട്ടും വിടരാൻ താമസം നേരിടുന്നു. ഇതാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.
ഉത്പാദനം തീരെയില്ലാത്തതിനാല്‍ പച്ചക്കൊളുന്തിന് 20 രൂപ ലഭിച്ചിട്ടും വില്‍ക്കാൻ ചെറുകിട കർഷകന്റെ കൈയില്‍ ഉൽപ്പന്ന മില്ല. ഉത്പാദനം കൂടിയാല്‍ വില കൂപ്പുകുത്തി 10 രൂപയിലെത്തും. വൻകിട കർഷകർക്ക് ഇപ്പോള്‍ 27 രൂപ വരെ പച്ചക്കൊളുന്തിന് ലഭിക്കുന്നുണ്ട്. കൊളുന്ത് എടുപ്പു കൂലി കിലോയ്ക്ക് എട്ട് രൂപ നൽകണം. വളത്തിനും കീടനാശിനിയ്ക്കും പൊള്ളുന്ന വിലയായി. ഈ ചിലവുകളെല്ലാം കഴിഞ്ഞ് തേയില കർഷകർക്ക് ബാക്കി ഒന്നും കിട്ടുന്നില്ലെന്നതാണ് സ്ഥിതി.
കൈയില്‍ നിന്ന് പണം ചിലവാക്കി കൃഷി തുടരേണ്ട അവസ്ഥയാണ് നിലവിൽ.ദുരിതത്തിലായ ചെറുകിട കർഷകരെ സഹായിക്കേണ്ട റ്റീ ബോർഡാണെങ്കില്‍ നോക്കുകുത്തിയാക്കുന്നതായും പരാതിയുണ്ട്. വൻ തോട്ടം ഉടമകളെയാണ് റ്റീ ബോർഡ് സഹായിക്കുന്നത് എന്നും ആക്ഷേപം ഉണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളും ടീ ബോർഡും കനിഞ്ഞാലേ തേയില കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂവെന്ന് ചെറുകിട കർഷകർ പറയുന്നു.