കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുമൂലം രോഗികൾ വലയുന്നതിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ബി ജെ പി

കട്ടപ്പന താലൂക്കാശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ഉണ്ടെങ്കിലും അനസ്തേഷ്യ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാൽ ഓപ്പറേഷൻ തിയേറ്റർ ഒന്നര മാസമായി അടഞ്ഞു കിടക്കുകയാണ്. താലൂക്കാശുപത്രി ആയി ഉയർത്തിയിട്ട് വർഷങ്ങൾ ആയെങ്കിലും അതിനു വേണ്ട ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇതോടെ നിലവിലുള്ള ഡോക്ടർമാർക്കും ജീവനക്കാർക്കും അധിക ജോലി എടുക്കേണ്ട സ്ഥിതിയിമുണ്ട്.
ഏതാനും നാളുകൾക്ക് മുൻപു വരെ ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം മറ്റു സ്ഥാപനങ്ങളിൽ നിന്ന് താത്കാലികമായി ആശുപത്രിയിൽ അനസ്തേഷ്യ ഡോക്ടറുടെ സേവനം ലഭ്യമാക്കിയിരുന്നു. ആ സമയങ്ങളിൽ അസ്ഥി സംബന്ധമായ ശസ്ത്രക്രിയകളും ഇ എൻ ടി ശസ്ത്രക്രിയകളും നടക്കുന്നുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവയെല്ലാം നിലച്ച സ്ഥിതിയാണ് . താലൂക്ക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന ഈ അവഗണന സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ബി ജെ പി മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ജിമ്മിച്ചൻ ഇളംതുരുത്തിയിൽ ആരോപിച്ചു.
ദിവസവും നിരവധി ആളുകളാണ് കട്ടപ്പന താലൂക്ക് ആശുപത്രിയേ ആശ്രയിക്കുന്നത്. എന്നാൽ അത്യാവശ്യ ഘട്ടത്തിൽ അടക്കം ഇവിടെയെത്തുന്നവർക്ക് മറ്റ് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണുള്ളത്.ജില്ലയിൽ പുതിയ സ്പെഷ്യലിറ്റി തസ്തികൾ സൃഷ്ടിക്കാതെയും വിവിധ ആശുപത്രികളിൽ നിലവിലുള്ള ഒഴിവുകൾ നികത്താതെയും ആരോഗ്യ വകുപ്പും കെടുകാര്യസ്ഥത തുടരുകയാണ്.
ചികിത്സക്കായി സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന കട്ടപ്പന താലൂക്കാശുപത്രിയിൽ എത്രയും വേഗം അനസ്തേഷ്യ ഡോക്ടറുടെ അടക്കമുള്ള, ഒഴിവുകൾ നികത്തണം എന്ന ആവശ്യമാണ് ശക്തമാകുന്നത്. അല്ലാത്തപക്ഷം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് ബിജെപി.