കട്ടപ്പന ബൈപ്പാസ് റോഡിന്റെ സമീപത്തെ കൊതുക് വളരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി ആരംഭിക്കുന്നു

കട്ടപ്പന ഇടുക്കി കവല -പള്ളിക്കവല ബൈപ്പാസ് റോഡിന് സമീപത്തുള്ള ഹൗസിംഗ് ബോർഡ് വക സ്ഥലത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നത്. നാളുകളായി വലിയതോതിൽ വെള്ളം ഇവിടെ കെട്ടിക്കിടക്കുന്നതിനാൽ കൊതുക് പെരുകുന്നതിന് കാരണമായിരുന്നു. അതോടൊപ്പം സാമൂഹ്യവിരുദ്ധരുടെ മാലിന്യം തള്ളൽ കേന്ദ്രമായും ഇവിടെ മാറി. നാട്ടുകാരുടെ നേതൃത്വത്തിൽ നഗരസഭക്കും കളക്ടർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ മേഖലയിലെ ആളുകൾ പ്രതിഷേധത്തിനും ഒരുങ്ങിയിരുന്നു.
തുടർന്നാണ് കട്ടപ്പന പ്രദേശം നേരിടാൻ പോകുന്ന വിപത്ത് വാർത്തയായത് . നഗരസഭ ആരോഗ്യ വിഭാഗം ഇക്കാര്യത്തിൽ യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിനെതിരെ റോയൽ സിറ്റി റസിഡൻസ് അസോസിയേഷനും അനശ്വര എസ് എച്ച് ജി എം, ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളും രംഗത്ത് വരികയും ചെയ്തിരുന്നു.
തുടർന്നാണ് ഹൗസിംഗ് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നസറുദ്ദീൻ സ്ഥലം സന്ദർശിച്ചത്. വിഷയം ഗൗരവമായി കാണുന്നുവെന്നും അടുത്തദിവസം ചേരുന്ന യോഗത്തിൽ ബോർഡ് മെമ്പറെ ഇക്കാര്യം ധരിപ്പിച്ച് ഉന്നത അധികാരികളെ അറിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഹൗസിംഗ് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നസറുദ്ദീൻ പറഞ്ഞു.
നഗരസഭ ആരോഗ്യ വിഭാഗം മാരക രോഗം പടർത്തുന്ന കൊതുകുകളെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നാളിതുവരെയായി നടപടിയുണ്ടായിരുന്നില്ല. ഹൗസിംഗ് ബോർഡ് അധികൃതർ അനുകൂലമായ നടപടി ഉടൻ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി പി എ ജോസ് പറഞ്ഞു.
മേഖല ശുചിയാക്കുന്നതിനൊപ്പം ബൈപ്പാസ് റോഡിന്റെ ഈ പ്രദേശം വിശ്രമ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾ ആകും ഉണ്ടാകുക. പ്രശ്നപരിഹാരമാകുന്നതോടെ വർഷങ്ങളായി തങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ആകും എന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. എന്നാൽ മേഖലയിലെ മാലിന്യ നിക്ഷേപം തടയുന്നതിനുള്ള നടപടികൾ നഗരസഭയുടെ ഭാഗത്തുനിന്നു കൂടി ഉണ്ടാകേണ്ടതുണ്ട്.