ലയൺസ് ക്ലബ് ഓഫ് കട്ടപ്പന കാർഡമം വാലിയുടെയും ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ടൗണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓട്ടോറിക്ഷകളിൽ സ്ഥാപിക്കാൻ ഫസ്റ്റ് എയ്ഡ് ബോക്സുകൾ വിതരണം ചെയ്തു

നഗര-ഗ്രാമ വീഥികളിൽ സജീവമായി കാണുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ സമൂഹത്തിലെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ട്. റോഡുകളിൽ ഉണ്ടാകുന്ന ആക്സിഡന്റുകളിൽ പലപ്പോഴും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നത് ഓട്ടോറിക്ഷ ഡ്രൈവർമാരാണ്. അപകടത്തിൽ പെട്ടവർക്ക് പ്രാഥമിക ചികിത്സ നൽകാൻ ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫസ്റ്റ് ഏയ്ഡ് ബോക്സുകൾ നൽകുന്നത് .
ഡിസ്ട്രിക്ട് 318 സി, റീജൻ 3 ന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന കാർഡമം വാലിയും ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ടൗണും നടത്തിയ ഫസ്റ്റ് ഏയ്ഡ് ബോക്സ് വിതരണം നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. ഗതാഗത നിയമങ്ങളെക്കുറിച്ചും, റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ എങ്ങനെ പ്രവർത്തിക്കാം എന്നതിനെക്കുറിച്ചും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഡി ഉല്ലാസ് ക്ലാസുകൾ നയിച്ചു.
ഫസ്റ്റ് ഏയ്ഡ് ബോക്സുകളുടെ ഉപയോഗത്തെക്കുറിച്ച് പാലിയേറ്റീവ് കെയർ സെക്കൻഡറി നേഴ്സ് ബിൻസി സെബാസ്റ്റ്യൻ ബോധവൽക്കരണം നൽകി. പരിപാടിക്ക് ലയൺസ് ക്ലബ് ഓഫ് കട്ടപ്പന കാർഡമംവാലി പ്രസിഡന്റ് പി എം ഫ്രാൻസിസ് എം ജെ എഫ് , സെക്രട്ടറി റെജി പയ്യപ്പള്ളി , റീജൻ ചെയർമാൻ രാജീവ് ജോർജ് , ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ടൗൺ പ്രസിഡന്റ് ജോബിൻ ജോസ് എന്നിവർ നേതൃത്വം നൽകി. ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.