അനസ്തേഷ്യ ഡോക്ടർ ഇല്ല; കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ അടഞ്ഞു കിടക്കുന്നു

കട്ടപ്പന താലൂക്കാശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ഉണ്ടെങ്കിലും അനസ്തേഷ്യ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാൽ തിയേറ്റർ ഒന്നര മാസമായി അടഞ്ഞു കിടക്കുകയാണ്. താലൂക്കാശുപത്രി ആയി ഉയർത്തിയിട്ട് വർഷങ്ങൾ ആയെങ്കിലും അതിനു വേണ്ട ഡോക്ടർമാരുടെ തസ്തികകൾ ഇനിയും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് അനസ്തേഷ്യ ഡോക്ടറുടെ അഭാവമാണ്.
കുറച്ച് കാലം മുൻപു വരെ ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം മറ്റു സ്ഥാപനങ്ങളിൽ നിന്ന് താത്കാലികമായി ആശുപത്രിയിൽ അനസ്തേഷ്യ ഡോക്ടറുടെ സേവനം ലഭ്യമാക്കിയിരുന്നു.ആ സമയങ്ങളിൽ അസ്ഥി സംബന്ധമായ ശസ്ത്രക്രിയകളും , ഇ എൻ ടി ശസ്ത്രക്രീയകളും ആശുപത്രിയിൽ നടക്കുന്നുണ്ടായിരുന്നു. ഏതാണ്ട് 200 ഓളം ശസ്ത്രക്രിയകളും ഇക്കാലയളവിൽ നടന്നിട്ടുണ്ട്.
പ്രധാന ആശുപത്രികളിൽ മാത്രം നടത്തുന്ന ചിലവേറിയ മുട്ട് മാറ്റി വെക്കൽ, ഇടുപ്പുമാറ്റി വെക്കൽ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകളും ഇതിൽ ഉൾപെടും. സ്ഥിരമായി ഒരു അനസ്തേഷ്യ തസ്തിക സൃഷ്ടിക്കാനുള്ള നടപടി ജില്ലാ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് കെജിഎംഒഎ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
ജില്ലയിൽ പൊതുവേയുള്ള ഡോക്ടർമാരുടെ കുറവും രൂക്ഷമാണ്. പുതിയ സ്പെഷ്യാലിറ്റി തസ്തികൾ സൃഷ്ടിക്കാതെയും വിവിധ ആശുപത്രികളിൽ നിലവിലുള്ള ഒഴിവുകൾ നികത്താതെയും തുടരുന്ന സാഹചാര്യമാണ്. ചികിത്സക്കായി സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന കട്ടപ്പന താലൂക്കാശുപത്രിയിൽ എത്രയും വേഗം അനസ്തെഷ്യ ഡോക്ടറെ നിയമിച്ച് ശസ്ത്രക്രീയ പുനരാരംഭിക്കണമെന്നാണ് ഉയരുന്ന ആവശ്യം.