കൊൽക്കത്ത ആസ്ഥാനമായുള്ള എക്‌സെല്ലര്‍ ബുക്‌സിന്റെ സാഹിത്യ രംഗത്തെ 2024ലെ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് കവിയും മാധ്യമപ്രവര്‍ത്തകനുമായ അക്ബറിന്

കാടും മണ്ണും പുഴയുമെല്ലാം തന്റെ എഴുത്തുകളില്‍ ഏറ്റവും കാവ്യാത്മകമായി ഉള്‍ചേര്‍ത്ത് വായനക്കാരന്റെ മനസ്സിലേക്കൂളിയിട്ടിറങ്ങുന്ന സൃഷ്ടികളാണ് കവി അക്ബറിന്റെത് .വീടും നാടുമടങ്ങുന്ന തന്റെ ചുറ്റുപാടുകളെ ഇഴചേര്‍ത്ത് അയാള്‍ എല്ലാവരിലേക്കുമെത്തുന്ന ധാരാളം കവിതകളെഴുതി.അക്ബറിന്റെ ഈ സാഹിത്യ സൃഷ്ടികള്‍ക്ക് ഒടുവില്‍ ലഭിച്ച അംഗീകാരമാണ് കല്‍ക്കത്ത ആസ്ഥാനമായുള്ള എക്‌സെല്ലര്‍ ബുക്‌സിന്റെ സാഹിത്യ രംഗത്തെ 2024 ലെ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്.
പ്രശസ്തി പത്രവും 20000 രൂപയുടെ പുസ്തക വൗച്ചറുമടങ്ങുന്നതാണ് പുരസ്‌ക്കാരം.നിനച്ചിരിക്കാതെ എത്തിയ അവാര്‍ഡ് ലബ്ധിയുടെ സന്തോഷത്തിലാണ് അക്ബറും കുടുംബവും.ലോകത്തെ വിവിധ ഭാഷകളിലെ സാഹിത്യകാരന്മാര്‍ക്ക് വര്‍ഷം തോറും നല്‍കുന്ന അവാര്‍ഡാണ് അക്ബറിനെ തേടിയെത്തിയത്.മലയാള സാഹിത്യത്തിന് അക്ബര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
ബാംസുരി, അക്ബറോവ്‌സ്‌കി, കുയില്‍ ഒരു പക്ഷി മാത്രമല്ല എന്നീ കവിതാസമാഹാരങ്ങളും ഇല തൊട്ട് കാടിനെ വായിക്കുന്നു എന്ന കാടനുഭവക്കുറിപ്പുകളുടെ പുസ്തകവും അക്ബറിന്റെതായി പുറത്തു വന്നിട്ടുണ്ട്. പ്രണയ കവിതകളുടെ സമാഹാരമായ നിന്നെക്കുറിച്ചുള്ള കവിതകള്‍ എന്ന പുസ്തകം ഈ വര്‍ഷം പുറത്തിറങ്ങും. കൂടാതെ അക്ബറിന്റെ മാതാവിനെക്കുറിച്ചുള്ള കവിതകളുടെയും കുറിപ്പുകളുടെയും സാഹിത്യ സൃഷ്ടിയുടെ പണിപ്പുരയിലാണ് അക്ബര്‍.
നേര്യമംഗലം സ്വദേശിയായ അക്ബര്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. സംസ്‌കാര സാഹിതി പുരസ്‌കാരം, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് എംപവര്‍മന്റ് അവാര്‍ഡ്, പുരോഗമന കലാസാഹിത്യ സംഘം ആദരം എന്നിവ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ അക്ബറിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇംഗ്ലീഷ്,ഹിന്ദി, തമിഴ്,തെലുങ്ക് ഭാഷകളിലേക്ക് കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.മീഡിയാനെറ്റ് ന്യൂസ് വാര്‍ത്താ വിഭാഗം മേധാവിയായി അക്ബര്‍ നിലവില്‍ സേവനം അനുഷ്ടിച്ച് വരുന്നു.പരേതരായ മൈതുവും ഐഷയുമാണ് മാതാപിതാക്കള്‍. നഫീസയാണ് ഭാര്യ, അഹാന, സുനേന എന്നിവരാണ് മക്കള്‍.