കട്ടപ്പന നഗരത്തിൽ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം; അക്രമത്തിന് ശ്രമിച്ചത്, ലഹരി വസ്തുക്കൾ ഉപയോഗിച്ച് കട്ടപ്പനയിൽ എത്തിയ വയോധികനും മകനും

ലഹരി വസ്തുക്കൾ ഉപയോഗിച്ച് കട്ടപ്പന നഗരത്തിൽ എത്തിയ വയോധികനും മകനും മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം.പുതിയ ബസ്റ്റാൻഡിൽ പൊതു ഇടത്ത് ആളുകൾ മലമൂത്ര വിസർജനം നടത്തുന്നുവെന്ന പരാതിക്കുമേൽ വാർത്തയെടുക്കാൻ സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അസഭ്യം പറയുകയും കൈകൾകൊണ്ട് ചേഷ്ട കാണിക്കുകയും ചെയ്ത ശേഷം മാധ്യമ പ്രവർത്തകർക്ക് നേരെ എത്തി ആക്രമണം നടത്തുകയായിരുന്നു.
ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ്, മദ്യാസക്തിയിലായിരുന്ന വയോധികനെ കസ്റ്റഡിയിലെടുത്തു.കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം ബാങ്ക് ജപ്തിയിൽ കിടക്കുന്ന സ്ഥലത്ത് ആളുകൾ മലമൂത്രവിസർജനം നടത്തുന്നു എന്ന പരാതിയെ തുടർന്നാണ് മാധ്യമപ്രവർത്തകർ സ്ഥലത്ത് വാർത്തയെടുക്കാൻ എത്തിയത്.
ഈ സ്ഥലത്തുനിന്നും വളരെ മാറിയാണ് മാധ്യമപ്രവർത്തകർ നിന്നതും. ഈ സമയം വയോധികനും മകനും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനായി എത്തി. ഇതിൽ വയോധികന്റെ കയ്യിൽ നിരോധിത പുകയില ഉൽപ്പന്നം ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചുകൊണ്ടിരുന്നപ്പോഴാണ് മാധ്യമപ്രവർത്തകർക്ക് നേരെ അസഭ്യം പറഞ്ഞത്.
തുടർന്ന് ഇരുവരും മാധ്യമപ്രവർത്തകർ നിന്നിരുന്ന സ്ഥലത്തേക്ക് എത്തി. തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ വയോധികൻ മദ്യാസക്തിയിലായിരുന്നു. ഇയാളുടെ മകൻ മാധ്യമപ്രവർത്തകരെ തള്ളി നീക്കാനും മർദ്ദിക്കാനും ശ്രമിച്ചു. ബഹളം കൂടിയതോടെ നാട്ടുകാർക്ക് സ്ഥലത്തെത്തി ഇരുവർക്കും താക്കീത് നൽകി. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.