ദേവികുളം ഇറച്ചിൽപാറയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശത്ത് താമസിക്കുന്ന 23 കുടുംബങ്ങൾക്ക് മാറി താമസിക്കാൻ റവന്യൂ വകുപ്പ് നോട്ടീസ്; അപകടമേഖലയിൽ പ്രവർത്തിക്കുന്ന മത സ്ഥാപനത്തിനു കീഴിലുള്ള ഹോസ്റ്റൽ കെട്ടിടം പൂട്ടാനും നിർദ്ദേശം

ദേവികുളം ഇറച്ചിൽ പാറയിലെ ഗവ എൽ പി സ്കൂളിന് സമീപമുള്ള വനമേഖലയിലാണ് മല ഇടിഞ്ഞു വീഴാവുന്ന വിധത്തിൽ അപകട ഭീഷണിയായി നിൽക്കുന്നത്. 100 മീറ്റർ നീളത്തിൽ ഭൂമിയിൽ വിള്ളലുണ്ടായി.കനത്ത മഴ പെയ്താൽ വലിയ മണ്ണിടിച്ചിൽ സാധ്യതയാണുളളത്.രണ്ടാഴ്ച മുൻപ് ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിന് ശേഷമാണ് മുകൾഭാഗത്തുള്ള വനമേഖലയിൽ വിള്ളലുണ്ടായത്.
തുടർന്ന് ദേവികുളം തഹസീൽദാരുടെ നിർദേശപ്രകാരം കെഡിഎച്ച് വില്ലേജ് അധികൃതർ കുടുംബങ്ങൾക്ക് മാറി താമസിക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകുകയായിരുന്നു. നോട്ടീസ് ലഭിച്ചതോടെ ഭൂരിഭാഗം പേരും ബന്ധുവീടുകളിലേക്ക് മാറി താമസിക്കാനാരംഭിച്ചു. മറ്റുള്ളവർക്ക് താമസിക്കാനായി ദുരിതാശ്വാസ ക്യാമ്പ് തയ്യാറാക്കിയതായി റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.