മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചവരെ റവന്യൂ അധികൃതർ ഇറക്കിവിട്ടതോടെ പ്രതിഷേധം

മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചവരെ റവന്യൂ അധികൃതർ ഇറക്കിവിട്ടതോടെ പ്രതിഷേധം. രാത്രിയിലും പ്രതിഷേധം തുടർന്നതോടെ ദേവികുളം എംഎൽഎ A രാജയുടെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചക്കൊടുവിൽ 10 കുടുംബങ്ങളെ താല്കാലിക ക്യാമ്പിലേക്ക് മാറ്റി.
ശക്തമായ മഴയിൽ ലക്ഷം നഗറിൽ മണ്ണിടിഞ്ഞ് ഓരാൾ മരിച്ചതിനെ തുടർന്നാണ് ഈ മേഖലയിലെ കുടുംബങ്ങളെ അധികൃതർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. മഴ മാറിയതോടെ ഇവരോട് ക്യാമ്പിൽ നിന്ന് മാറാൻ റവന്യൂ അധികൃതർ ആവശ്യപ്പെട്ടു.എന്നാൽ അപകടമേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകളിലേക്ക് പോകാൻ തയ്യാറാകാതിരുന്നവർ ടൗണിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തി.
4 മണിയോടെ ആരംഭിച്ച സമരം 10 മണിവരെ നീണ്ടതോടെ ദേവികുളം എംഎൽഎ അഡ്വ. എ രാജയും മറ്റ് ജനപ്രതിനിധികളും തുടങ്ങിയവർ സമരക്കാരുമായി ചർച്ച നടത്തി. ഇവരെ താല്കാലികമായി ക്യാമ്പിലേക്ക് തന്നെ മാറ്റുകയും ചെയ്തു. കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള അടിയന്തര യോഗം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇന്ന് ചേരും.