മലയോര ഹൈവേയുടെ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ തകർന്ന ഭാഗങ്ങളിൽ നടത്തിയ റീ ടാറിംഗ് പ്രഹസനമെന്ന് നാട്ടുകാർ. നിർമ്മാണത്തിൽ റോഡിൻറെ സ്വാഭാവികത നിലനിർത്തിയില്ലെന്ന് ആക്ഷേപം

മലയോര ഹൈവേയുടെ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള നിർമ്മാണം പൂർത്തിയായതിനു ശേഷം ഈ പാതയുടെ വിവിധ ഇടങ്ങളിൽ റോഡ് തകർന്നിരുന്നു. റോഡിൽ ചില ഭാഗങ്ങളിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയതും , മറ്റിടങ്ങളിൽ റോഡിൽ മഴ സമയത്ത് ഉറവ രൂപപ്പെട്ടതുമാണ് റോഡിൻ്റെ തകർച്ചയ്ക്ക് കാരണമായത്. മാത്രമല്ല റോഡ് ഇരുന്നു പോകുകയും ചെയ്തു. ഇതേ തുടർന്നാണ് റോഡിൻറെ കരാർ ഏറ്റെടുത്ത കമ്പനി ഈ ഭാഗങ്ങളിൽ അറ്റകുറ്റ പണികൾ നടത്തിയത്.
എന്നാൽ അറ്റകുറ്റപ്പണികൾക്കെതിരെ വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്. റോഡിൻറെ സ്വാഭാവികത നഷ്ടപ്പെടുത്തിയുള്ള പണികളാണ് നടത്തിയത് എന്നാണ് ആളുകൾ ചൂണ്ടിക്കാട്ടുന്നത്.ആധുനിക നിലവാരത്തിൽ നിർമ്മിച്ച റോഡിൻറെ ഭംഗി കെടുത്തും വിധമാണ് നിലവിൽ തകർന്ന ഭാഗങ്ങൾ റീ ടാറിംഗ് ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഈ ഭാഗങ്ങളിൽ ആധുനിക നിലവാരത്തിൽ തന്നെ റീടാറിംഗ് നടത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം