കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേക്ക് ആഗസ്റ്റ് 30ന് മാർച്ചും ധർണയും നടത്തും

കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കല്യാണതണ്ട് മേഖലയിൽ 31, 32 വാർഡുകളിലെ 1970 മുതൽ സ്ഥിരതാമസമാക്കിയിട്ടുള്ള 43 കുടുംബങ്ങളെ കുടി ഒഴിപ്പിക്കുവാനുള്ള ഗൂഢശ്രമം സർക്കാർ നടത്തികൊ ണ്ടിരിക്കുകയാണെന്നും വീടുകൾ, കൃഷിസ്ഥലങ്ങൾ, ക്ഷേത്രം, മുനിസിപ്പാലിറ്റിയുടെ കുടിവെളള പദ്ധതി, പി.എം.ജി.എസ്.വൈ റോഡ്, മുനിസിപ്പാലിറ്റിയുടെ വിവിധ റോഡുകൾ ഉൾപ്പെട്ട സ്ഥലമാണിതെന്നും അതീവ ഗൗരവത്തോടെയാണ് ജനങ്ങൾ ഈ വിഷയം നോക്കി കാണുന്നതെന്നും നേതാക്കൾ പറഞ്ഞു.
ഇതോടൊപ്പം വന്യജീവി ആക്രമണം മൂലം ജനങ്ങൾക്ക് ജീവിതം മുമ്പോട്ട് കൊണ്ടുപോകുവാൻ കഴിയാതെ വന്നിരിക്കുന്നു. വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനുളളിൽ 83 മനുഷ്യജീവനുകളാണ് അകാലത്തിൽ പൊലിഞ്ഞു പോയിട്ടുളളത്. കൃഷിയിടങ്ങൾ വന്യമൃഗ ശല്യത്താൽ നശിച്ചുപോയിരിക്കുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ ജനങ്ങളുടെ അതിജീവനത്തിനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുത്തുകൊണ്ടാണ് കർഷക കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേക്ക് കർഷക മാർച്ചും, കൂട്ടധർണ്ണയും നടത്തപ്പെടുന്നത്.
ഇടുക്കി നിയോജക മണ്ഡലം പ്രസിഡൻ്റ് റ്റോമി തെങ്ങുംപള്ളിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ധർണ്ണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് വിഷയാവതരണം നടത്തും., കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ചുമതലയുളള സംസ്ഥാന ജനറൽ സെക്രട്ടറി റ്റോമി പാലയ്ക്കൻ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് കോൺഗ്രസിന്റെയും , കർഷക കോൺഗ്രസിൻ്റെയും സംസ്ഥാന, ജില്ലാ നേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
വാർത്താസമ്മേളനത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്,ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോമി തെങ്ങുംപളളി,സംസ്ഥാന സമിതി അംഗംജോയി ഈഴക്കുന്നേൽ,ജില്ലാ ജനറൽ സെക്രട്ടറി ജോസ് ആനക്കല്ലിൽ,ജില്ലാ സെക്രട്ടറിമാരായ പി.എസ് മേരിദാസൻ, സജിമോൾ ഷാജി തുടങ്ങിയവർ പങ്കെടുത്തു.