വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ നടന്ന ക്രമക്കേടുകളിലെ ഭരണ പ്രതിപക്ഷ കക്ഷികളുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരുവാനുള്ള അന്വേഷണം കേന്ദ്ര ഏജൻസി വഴി ഉണ്ടാവണമെന്ന് ബിജെപി നേതൃത്വം

വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ നടന്ന വ്യാപക ക്രമക്കേടുകൾ ഇതുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയ്ക്ക് ശേഷം നാല് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവ് വന്നതിനു ശേഷമാണ് പൊതുജനങ്ങൾ അറിയുന്നത്. ഇതോടെയാണ് തൊഴിലുറപ്പ് പദ്ധതികളിലെ ക്രമക്കേടുകളിൽ ഭരണ പ്രതിപക്ഷ കക്ഷികൾക്കുള്ള പങ്ക് കൂടി വെളിച്ചത്ത് കൊണ്ടു വരണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
വണ്ടിപ്പെരിയാർ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതികളിലെ ക്രമക്കേടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ഇതു സംബന്ധിച്ച് പ്രധാന മന്ത്രിക്കും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിനും പരാതി നൽകുമെന്നും ബിജെപി മഞ്ചുമല ഏരിയ കമ്മിറ്റി സെക്രട്ടറി എൻ.രമേശ് അറിയിച്ചു.
പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജനാ പദ്ധതി പ്രകാരം ഒരു തവണ അറ്റകുറ്റപ്പണികൾ നടത്തിയ വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിലും ഭരണകൂടങ്ങൾ ജനങ്ങളെ കബളിപ്പിക്കുന്ന നയമാണ് സ്വീകരിച്ചു വരുന്നത്. ഇതിനെതിരെയും തൊഴിലുറപ്പ് പദ്ധതികളിലെ ക്രമക്കേടുകൾക്കെതിരെയും വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.