പീരുമേട് താലൂക്കിലെ അപകടാവസ്ഥയിലായ തോട്ടം ലയങ്ങളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു

വണ്ടിപ്പെരിയാർ പോബ്സ് എസ്റ്റേറ്റിലെ മഞ്ചുമല ലോവർ ഡിവിഷൻ എസ്റ്റേറ്റിലെ ലയം രണ്ടു ദിവസം മുമ്പ് ഇടിഞ്ഞു വീണ് ഒരു കുട്ടിക്കും തേങ്ങാക്കലിൽ എസ്റ്റേറ്റ് ലയത്തിന്റെ ശുചിമുറി ഇടിഞ്ഞുവീണ് തൊഴിലാളികൾക്കും പരുക്കേറ്റു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഭരണപക്ഷ തൊഴിലാളിയൂണിയൻ രംഗത്ത് വന്നത് .സമീപ നാളുകളിൽ ലയങ്ങൾ തകർന്നും മറ്റും നിരവധി അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്നുണ്ട്.
പീരുമേട്ടിലെ തോട്ടങ്ങളിൽ തൊഴിലാളികളുടെ താമസവും ജീവിതവും സുരക്ഷിതമല്ലാത്ത തരത്തിൽ ലയങ്ങൾ അപകടാവസ്ഥയിലായി മാറിയിരിക്കുകയാണ്.ലയങ്ങളുടെ അപകടാവസ്ഥ സംബന്ധിച്ച വിഷയങ്ങൾ യൂണിയൻ മുമ്പും പലതവണ മാനേജ്മെന്റുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ബന്ധപ്പെട്ട മാനേജ്മെന്റുകൾ അടിയന്തരമായി പൂർത്തീകരിക്കണം എന്ന് പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. ലയങ്ങൾ പുനർനിർമ്മിക്കുകയോ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യണം. വാസയോഗ്യമല്ലാത്ത ലയങ്ങളിൽ നിന്ന് ഉടമയുടെ ഉത്തരവാദിത്വത്തിൽ തൊഴിലാളികൾക്ക് മറ്റു സ്ഥലങ്ങളിൽ താമസസൗകര്യം ഒരുക്കണം.
കാലവർഷം ശക്തിപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിൽ തുടർന്നും അപകടം ഉണ്ടാകുമെന്ന ആശങ്ക വ്യാപകമാണെന്നും ഈ സാഹചര്യത്തിൽ ഉചിതമായ നടപടികൾ മാനേജ്മെൻറ് സ്വീകരിച്ചില്ലെങ്കിൽ വിഷയത്തിൽ ശക്തമായ പ്രക്ഷോഭത്തിന് പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ സന്നദ്ധമാകുമെന്നും യൂണിയൻ പ്രസിഡന്റ് ആർ തിലകൻ, അറിയിച്ചു.