കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിൽ കയറി ജീവനക്കാരനെ ഹെൽമറ്റിനടിച്ച് പരിക്കേൽപ്പിച്ചതായി പരാതി

ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടുകൂടിയാണ് സംഭവം. കട്ടപ്പന മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിൽ അതിക്രമിച്ചു കടന്നാണ് അക്രമം നടത്തിയത്. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന ജൂനിയർ ക്ലർക്ക് കുമളി സ്വദേശി ദീലീപ് റോബർട്ടിൻ്റെ മുഖത്ത് യാതൊരു പ്രകോപനവുമില്ലാതെ പ്രതി ഹെൽമറ്റിന് അടിക്കുകയായിരുന്നു.തുടർന്ന് ജീവനക്കാർ ചേർന്നു തടഞ്ഞുവച്ച അക്രമി നെടുങ്കണ്ടം സ്വദേശി മോടിയിൽ മനോജ് ചെല്ലപ്പനെ കട്ടപ്പന പോലീസിന് കൈമാറി.
ജീവനക്കാരൻ്റെ പരാതിയിൽ പ്രതിയെ അറസ്റ്റു ചെയ്തു.മുഖത്തു പരിക്കേറ്റ ദിലീപ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന. പ്രതിയിൽ നിന്നും തനിക്കെതിരെ വധഭീഷണി ഉണ്ടെന്നു കാട്ടി മുൻപും ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നതായും ദിലീപ് വ്യക്തമാക്കി.