മഴ മുന്നറിപ്പ്; ഇടുക്കിയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട്, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കിയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര ഡാമിലെ 5 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
തൊടുപുഴ മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി കൊലുമ്പൻ കോളനിയുടെ സമീപത്തുനിന്ന് 6 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു . അഞ്ചു കുടുംബങ്ങൾ അവരവരുടെ ബന്ധുവീടുകളിലേക്കും ഒരു കുടുംബത്തെ കുലുമ്പൻ കമ്മ്യൂണിറ്റി ഹാളിലേക്ക് ആണ് മാറ്റിയിട്ടുള്ളത്.
ഇവർ താമസിക്കുന്നതിന് സമീപത്തെ പാറ അപകടം സൃഷ്ടിക്കുമോ എന്ന് ഭയന്നാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. പീരുമേട് താലൂക്കിൽ കൊക്കയാർ വില്ലേജിലും രാത്രികാല ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. കൊക്കയാർ വില്ലേജിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് രാത്രികാലങ്ങളിൽ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാണ് നിർദ്ദേശം.