പുതുവർഷത്തിൽ ഭഗവാൻ്റെ കളഭാഭിഷേകത്തിനുള്ള കാണിക്കപ്പണം വയനാടിന് നൽകി മാതൃകയാകുകയാണ് കട്ടപ്പന അമ്പലക്കവല ശ്രീധർമ്മശാസ്താ ക്ഷേത്രം

കട്ടപ്പന ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പുതുവർഷ ദിനത്തിലെ കാണിക്ക വരുമാനം വയനാട് പുനരധിവാസത്തിനായി നൽകും. ക്ഷേത്രത്തിൽ നടക്കുന്ന കളഭാഭിഷേകത്തോടനുബന്ധിച്ച് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കാണിക്കവഞ്ചിയിൽ ഭക്തർ നിക്ഷേപിക്കുന്ന കാണിക്കപ്പണമാണ് വയനാടിനായി നൽകുന്നത്.
പുതുവർഷ ദിനത്തിൽ രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സഹായധനം നൽകുന്നതിലും ഭക്തജനങ്ങൾ മികച്ച രീതിയിൽ പ്രതികരിച്ചു. തന്ത്രി ജിതിൻ ഗോപാലൻ, മേൽശാന്തി എം എസ് ജഗദീഷ്,എന്നിവർ ക്ഷേത്ര ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ്റ് സന്തോഷ് ചാളനാട്ട്, സെക്രട്ടറി ബിനു പാറയിൽ, ഭരണ സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.