തൊടുപുഴ മുള്ളരിങ്ങാട് കനത്ത മഴ; വൈദികന്റെ കാർ ഒഴുക്കിൽപ്പെട്ടു

തൊടുപുഴ മുള്ളരിങ്ങാട് പെയ്ത കനത്ത മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുള്ളരിങ്ങാട് ലൂർദ് മാത പള്ളി വികാരിയുടെ ഒഴുക്കിൽപ്പെട്ട കാർ നാട്ടുകാരുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു. ലൂർദ് മാത പള്ളി വികാരി ഫാദർ ജേക്കബ് വാട്ടപ്പിള്ളിയുടെ കാറാണ് ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് ഒഴുക്കിൽപ്പെട്ടത്.
കാറിനുള്ളിലുണ്ടായിരുന്ന വൈദികനെ നാട്ടുകാരെത്തിയാണ് രക്ഷപ്പെടുത്തിയത്. പ്രദേശത്തെ വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. ഒഴുകിപ്പോയ കാറിൽ നിന്ന് അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടതെന്ന് വൈദികൻ പറഞ്ഞു.മുള്ളരിങ്ങാട് മേഖലയിൽ ഇന്നലെ പെയ്ത മഴയിൽ വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.