കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ വലക്കുന്നു

ഡോക്ടർമാരുടെ അഭാവത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകുന്നു. സ്പെഷ്യൽ ഡോക്ടർമാർ അടക്കം 12 പേർ വേണ്ടിടത്ത് വെറും 10 ഡോക്ടർമാർ മാത്രമാണ് ആശുപത്രിയിലുള്ളത്. ഡോക്ടർമാരുടെ കുറവ് മൂലം നിലവിലുള്ള ഡോക്ടർമാർ അധിക ഡ്യൂട്ടി എടുത്ത് ഒ പി യൂണിറ്റുകൾ പ്രവർത്തിപ്പിക്കേണ്ട അവസ്ഥയിലാണ് .
ജനറൽ,ക്യാഷ്വാലിറ്റി വിഭാങ്ങളിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ സ്പെഷ്യാലിറ്റി ഒപ്പികളിലെ ഡോക്ടർമാർ അധിക ഡ്യൂട്ടി എടുക്കേണ്ടിവരികയാണ്.ഇത് മറ്റ് സ്പെഷ്യലിറ്റി ഒപികളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു.നാല് സ്പെഷ്യലിസ്റ്റുകൾ ഉൾപ്പടെ 12 ഡോക്ടർമാരുടെ തസ്തികളാണ് താലൂക്ക് ആശുപത്രിയിൽ ഉള്ളത്.ഇതിൽ 10 ഡോക്ടർമാർ മാത്രമാണ് നിലവിലുള്ളത്. ഡയാലിസിസ് യൂണിറ്റിൽ ഉണ്ടായിരുന്ന തത്കാലിക ഡോക്ടർ ജോലി ഉപേക്ഷിച്ചു പോയതോടെ മറ്റ് സ്പെഷ്യലിസ്റ്റുകൾ ഇവിടെയും ഡ്യൂട്ടി ചെയ്യേണ്ടി വരുന്നുണ്ട്.
ആശുപത്രി പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന കാലത്തെ അനുപാതത്തിലുള്ള ജീവനക്കാർ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.ജില്ലയിലെ മറ്റ് താലൂക്ക് ആശുപത്രികളിൽ 25 ഓളം ഡോക്ടർമാരുള്ളപ്പോഴാണ് കട്ടപ്പനയിൽ 12 ഡോക്ടർമാരെ ഉപയോഗിച്ച് ആശുപത്രി പ്രവർത്തിപ്പിക്കേണ്ടി വരുന്നത്. ഡോക്ടർമാരുടെ കുറവ് ആശുപത്രിയിൽ എത്തുന്ന രോഗികളെ പലപ്പോഴും വലിക്കുകയാണ്. പലപ്പോഴും ഡോക്ടറുടെ സേവനം തേടിഎത്തുന്ന രോഗികളുടെ നീണ്ട ക്യൂവാണ് ആശുപത്രിയിൽ നിന്നും കാണാനാകുന്നത് .
ക്യാഷ്വാലിറ്റിയിൽ അടക്കം ദിവസേന 750 മുതൽ 800 വരെ രോഗികൾ എത്തുന്നുണ്ട് എന്നാണ് കണക്ക്. ഇവരിൽ പകുതി ആളുകളും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം തേടി എത്തുന്നവരാണ്. ഡോക്ടർമാരുടെ സേവനം ലഭ്യമാവാതാകുന്നതോടെ പല രോഗികളും മടങ്ങുന്നതാണ് പതിവ്. അടിയന്തരമായി അധികൃതർ കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രതിസന്ധി പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.