ഓൺലൈൻ തട്ടിപ്പ് സംഘം കട്ടപ്പന വെള്ളിലാംകണ്ടം സ്വദേശിയുടെ 6.18 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

വെള്ളിലാംകണ്ടം കോരംകുഴയ്ക്കൽ റിനോയിയാണ് 618411 രൂപ നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കി പൊലീസിൽ പരാതി നൽകിയത്. വർക്ക് ഫ്രം ഹോം ആയി ദിവസം 4500 രൂപ വരെ സമ്പാദിക്കാമെന്ന് വ്യക്തമാക്കി ടെലിഗ്രാം അക്കൗണ്ടിൽ വന്ന മെസേജിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. പിന്നീട് യുവാവിനെ ത്രില്ലോ ഫീലിയ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തി. തുടർന്ന് ത്രില്ലോ ഫീലിയ ആപ്ലിക്കേഷനിൽ യുവാവിന്റെ പേരിൽ രൂപീകരിച്ച അക്കൗണ്ടിലെ വാലറ്റിലേക്ക് 10,000 രൂപ നൽകി. ഈ തുക ഉപയോഗിച്ച് 20 ടാസ്‌കുകൾ യുവാവ് പൂർത്തിയാക്കിയതോടെ 1031 രൂപ കമ്മിഷനായി നൽകി.
അതിനുശേഷം ഇത്തരം ടാസ്‌കുകൾ ചെയ്യണമെങ്കിൽ പണം അടയ്ക്കണമെന്ന് തട്ടിപ്പുകാർ അറിയിച്ചു. അങ്ങനെ പണം നിക്ഷേപിച്ചാൽ പണവും കമ്മിഷനും തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിവിധ അക്കൗണ്ടുകളിലേക്കായി 618411 രൂപയാണ് തട്ടിപ്പുകാർ വാങ്ങിയത്. ജൂലൈ 19 മുതൽ 31 വരെയുള്ള കാലയളവിൽ പലതവണയായാണ് പണം ഈടാക്കിയത്. പണവും കമ്മിഷനും നൽകാതെ തട്ടിപ്പുകാർ കബളിപ്പിച്ചതോടെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്.