ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം;കട്ടപ്പന ഡിവൈഎസ്പിഎ നിഷാദ് മോൻ, കാഞ്ചിയാർ സ്വദേശിക്ക് നഷ്ടമായത് 680,000 രൂപ
സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വ്യാപകമാവുകയാണ്.കഴിഞ്ഞദിവസമാണ് യാക്കോബായ സുറിയാനി സഭയുടെ മുൻ നിരണം ഭദ്രാസനാധിപൻ ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസിനെ ഓൺലൈൻ തട്ടിപ്പിന് ഇരയാക്കിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേനെ വിളിച്ചാണ് പണം തട്ടിയത്. പിന്നീട് ഇദ്ദേഹത്തിൻ്റെ അക്കൗണ്ടിൽ നിന്നും 15 ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തി. സമാന രീതിയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഓൺലൈൻ തട്ടിപ്പ് അരങ്ങേറുന്നു എന്നാണ് സൂചന.
കഴിഞ്ഞദിവസം കട്ടപ്പന കാഞ്ചിയാർ സ്വദേശിക്ക് ആറു ലക്ഷത്തി എൺപതിനായിരം രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. ഓൺലൈൻ വർക്ക് നൽകിയ ശേഷം വിവിധ ടാസ്കുകൾ നൽകിയായിരുന്നു തട്ടിപ്പ്. ഇദ്ദേഹം കട്ടപ്പന പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ പറഞ്ഞു.ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ ഉടൻതന്നെ പോലീസുമായി ബന്ധപ്പെടണമെന്നും ഡിവൈഎസ്പി അറിയിച്ചു.