പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കൽമെട്ടിലേക്കുള്ള പ്രവേശനം തമിഴ്നാട് നിരോധിച്ചു

കേരള തമിഴ്നാട് അതിർത്തിയ സ്ഥിതിചെയ്യുന്ന പ്രധാന മലമുകളിലേക്കുള്ള പ്രവേശനമാണ് തടഞ്ഞിരിയ്ക്കുന്നത്. അനധികൃതമായി പ്രവേശിച്ചാൽ പിഴയും തടവ് ശിക്ഷയും ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ബോർഡും സ്ഥാപിച്ചു. തമിഴ്നാടൻ കാർഷിക ഗ്രാമങ്ങൾക്ക് അഭിമുഖമായി നിൽക്കുന്ന രാമകല്ല് ആണ് മേഖലയിലെ പ്രധാന ആകർഷണം. തമിഴ്നാട് വന മേഖലയിൽ ഉൾപ്പെടുന്ന പ്രദേശത്തേക്ക് കേരളത്തിലൂടെ മാത്രമേ പ്രവേശിക്കാനാവൂ. ഈ പ്രവേശന പാതയാണ്, വനം വകുപ്പ് അടച്ചത്.
മേഖലയിൽ കേരളത്തിന്റെ അധീനതയിലുള്ള മൊട്ടകുന്നുകളിൽ നിന്ന് തമിഴ്നാടിന്റെ വിദൂര കാഴ്ചകളും രാമക്കല്ലും ആസ്വദിയ്ക്കാനാവുമെങ്കിലും രാമകല്ലിലെ ഉദയാസ്തമയ കാഴ്ചകൾ ആസ്വദിയ്ക്കാൻ നിരവധി സഞ്ചരികൾ എത്തിയിരുന്നു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം സഞ്ചാരികൾ വനമേഖലയിൽ ഉപേക്ഷിയ്ക്കുന്നതായി ചൂണ്ടികാട്ടിയാണ് തമിഴ്നാട് നിരോധനം ഏർപ്പെടുത്തിയിരിയ്ക്കുന്നത്. പ്രവേശനം അനുവദിയ്ക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത് എത്തിയിട്ടുണ്ട്.