മലയാളത്തിന്റെ മാതൃത്വത്തിന് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ആദരവ് നൽകി
വയനാട്ടിലെ പ്രകൃതി ദുരന്ത മേഖലയിലെ കുഞ്ഞുങ്ങള്‍ക്ക് മാതൃത്വത്തിന്റെ അമൃത് ചുരന്ന ഉപ്പുതറ സ്വദേശിനി ഭാവന സജിനും കുടുംബത്തിനും ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ സ്നേഹാദരം. വയനാട്ടില്‍ ഉരുള്‍പൊട്ടലിന്റെ വാര്‍ത്തകള്‍ക്കിടയില്‍ കുരുന്നുകളുടെ ദൈന്യത കണ്ട സജിന്‍ തന്റെ കുഞ്ഞുങ്ങളേപ്പോലെ ദുരന്ത ബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്കും പാലൂട്ടാന്‍ തന്റെ ഭാര്യ ഭാവന തയ്യാറാണെന്ന് ഫെയ്സ് ബുക്കില്‍ പോസ്റ്റിടുകയും വയനാട്ടിലേയ്ക്ക് പോവുകയും ചെയ്തിരുന്നു.
നിരവധി കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് തിരികെ കൈപിടിക്കാന്‍ കഴിഞ്ഞ സജിന്‍ ഭാവന ദമ്പതികളുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു.മാതൃത്വത്തിന്റെ മഹനീയ മാതൃക ലോകത്തിന് സമ്മാനിച്ച ദമ്പതികളെ കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചത്.കട്ടപ്പന മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ബീനാടോമി ഉദ്ഘാടനം ചെയ്തു.
പകരം വെക്കാനാവാത്ത മഹത്തായ പ്രവര്‍ത്തനം കാഴ്ചവെച്ച സജിന്‍ ഭാവന ദമ്പതികള്‍ ഹൈറേഞ്ചിന്റെ യശസ്സ് ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണെന്ന് ബീനാ ടോമി പറഞ്ഞു.മാധ്യമ പ്രവര്‍ത്തകനും കട്ടപ്പന ഡെവലപ്പ്മെന്റ് ഫോറം രക്ഷാധികാരിയുമായ M C ബോബന്‍ മുഖ്യപ്രഭാക്ഷണം നടത്തി.മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സിജോമോന്‍ ജോസ് , രജിതാ രമേശ്, ബിന്ദുലതാ രാജു , ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ് , സുമിത്ത് മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രംസംഗിച്ചു.ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷനായിരുന്നു.
ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രന്‍ , മോന്‍സി C , സുനില്‍കുമാര്‍ N P , രാജേഷ് കീഴേവീട്ടില്‍, രഞ്ജിത്ത് P T , ചന്ദ്രശേഖരന്‍ , ബിജു ചാക്കോ , സജിമോന്‍ തോമസ് എന്നിവരും നിരവധി ബസ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.