ദുരന്തഭൂമിയായ വയനാട്ടിൽ വീട് വച്ച് നൽകുന്നതിന് വ്യാപാര വ്യവസായ സമിതി കട്ടപ്പന യൂണിറ്റ് സമാഹരിച്ച തുക,സമിതി ജില്ലാ സെക്രട്ടറി ഏറ്റുവാങ്ങി. വയനാടിന് ഒരു കൈത്താങ്ങ് എന്നപേരിൽ വ്യാപാര വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി 14 വീടുകളാണ് നിർമ്മിച്ചുനൽകുന്നത്
ദുരന്തഭൂമിയായ വയനാടിന് ഒരു കൈത്താങ്ങ് എന്ന പേരിലാണ് വ്യാപാര വ്യവസായി സമതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 വീടുകൾ നിർമ്മിച്ചു നൽകുന്നത്. ജില്ലയിൽ നിന്നും ഒരു വീട് എന്ന ക്രമത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ നിന്നുമാണ് പണം സമാഹരിക്കുന്നത്. കട്ടപ്പന യൂണിറ്റ് വിവിധ ദിവസങ്ങളിലായി നടത്തിയ പണസമാഹരണത്തിലൂടെ ലഭിച്ച തുക സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേലിന് കൈമാറി.
ജില്ലയിൽ ആദ്യം പണം സമാഹരിച്ച് കൈമാറിയ യൂണിറ്റാണ് കട്ടപ്പന. വിഷയവുമായി ബന്ധപ്പെട്ട് വ്യാപാരികളെ സമീപിക്കുമ്പോൾ പൂർണ്ണ പിന്തുണയാണ് കട്ടപ്പനയിലെ വ്യാപാരി സമൂഹം നൽകുന്നതെന്നും സാജൻ കുന്നേൽ പറഞ്ഞു.യോഗത്തിനോടനുബന്ധിച്ച് വ്യാപാര വ്യവസായി സമിതി കട്ടപ്പന യൂണിറ്റിന്റെ സെക്രട്ടറിയായി ജി എസ് ഷിനോജ് , കട്ടപ്പന ഏരിയ പ്രസിഡണ്ടായി എം ആർ അയ്യപ്പൻകുട്ടി, ഏരിയ ട്രഷററായി ആൽവിൻ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു. സംഘടനയിൽ വനിതാ പ്രതിനിധിയായി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എസ് ആർ ശോഭനയെയും തിരഞ്ഞെടുത്തു . യോഗത്തിന് സമിതി ജില്ലാ വൈസ് പ്രസിഡണ്ട് മജീഷ് ജേക്കബ്, പിജെ കുഞ്ഞുമോൻ , പി കെ സജീവൻ, എം ജഹാംഗീർ , റെജികുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.