പശ്ചിമഘട്ടത്തില്‍ ജീവിക്കുന്നവര്‍ക്കും പറയാനുണ്ട്; പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മനോജ് മാതിരപ്പള്ളിയുടെ ലേഖനം

മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍ ഓരോ മനുഷ്യനും തരിച്ചിരിക്കുമ്പോള്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പശ്ചിമഘട്ട സംരക്ഷണവും വീണ്ടും ചര്‍ച്ചയാകുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ ഗാഡ്ഗിലിന്റെ ചിത്രവും വാക്കുകളും ഷെയര്‍ ചെയ്താണ് പലരുടെയും ഓര്‍മ്മപ്പെടുത്തല്‍. കുടിയേറ്റവും വനനശീകരണവും മൂലമുണ്ടായ പശ്ചിമഘട്ടത്തിന്റെ/ സഹ്യപര്‍വ്വതത്തിന്റെ നാശം ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് പലരുടെയും പോസ്റ്റുകളുടെ പൊരുള്‍.
പ്രകൃതിയോട് നിങ്ങള്‍ ചെയ്തതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നുവെന്ന രീതിയില്‍ പ്രതികരിക്കുന്നവരും കുറവല്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിലുണ്ടാകുന്ന പ്രളയവും പശ്ചിമഘട്ടത്തിന്റെ തകര്‍ച്ച മൂലമാണെന്നാണ് വാദം.യഥാര്‍ത്ഥത്തില്‍ പശ്ചിമഘട്ടത്തിലെ വനനശീകരണവും അവിടെ ജനവാസം ആരംഭിച്ചതുമാണോ ഇത്തരം ദുരന്തങ്ങള്‍ക്കുള്ള കാരണം. ആണെങ്കില്‍, സഹ്യപര്‍വ്വതത്തില്‍ വ്യാപകമായി ജനവാസം ആരംഭിച്ച 1940-കള്‍ക്ക് മുന്‍പ് ഇവിടെ ഒരുതരത്തിലുള്ള ഉരുള്‍പൊട്ടലും പ്രളയവും ഉണ്ടാകാന്‍ പാടില്ലല്ലോ.
എന്നാല്‍, പശ്ചിമഘട്ടം മുഴുവനും കാടായിരുന്ന കാലത്തും ഇത്തരത്തിലുള്ളതോ ഇതിനേക്കാള്‍ നൂറുമടങ്ങ് ഭയാനകമായതോ ആയ അനേകം ഉരുള്‍പൊട്ടലുകളും പ്രളയങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. 1341-ലെ പ്രളയത്തോളം വലിയ ദുരന്തങ്ങളൊന്നും നമ്മുടെ നാട്ടില്‍ ഇതുവരെയും സംഭവിച്ചിട്ടില്ല. പശ്ചിമഘട്ടത്തില്‍ ഉടനീളം നൂറുകണക്കിന് ഉരുളുകള്‍ പൊട്ടുകയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍ ആവുകയും ചെയ്ത ദുരന്തമായിരുന്നു അന്നത്തേത്. ഇതുമൂലം, പെരിയാറും ചാലക്കുടിപ്പുഴയും പമ്പയും ഉള്‍പ്പെടെയുള്ള നദികളില്‍ പലതും ഇന്നത്തെ രീതിയിലേക്ക് ദിശ മാറിയൊഴുകി.
ചരിത്രപ്രസിദ്ധമായ മുസിരിസ് തുറമുഖം മണ്ണടിഞ്ഞു ഉപയോഗശൂന്യമായതും, കൊച്ചി തുറമുഖവും വൈപ്പിന്‍ ഉള്‍പ്പെടെയുള്ള ദ്വീപുകളുമെല്ലാം രൂപപ്പെട്ടതും 1341-ലെ പ്രളയത്തെ തുടര്‍ന്നാണ്. കേരളത്തിന്റെ ഭൂപ്രകൃതി തന്നെ മാറ്റിമറിച്ച ദുരന്തം. അന്നൊന്നും പശ്ചിമഘട്ടത്തില്‍ ഇന്നത്തെ രൂപത്തിലുള്ള ഗ്രാമങ്ങളോ ജനവാസമോ നിര്‍മ്മിതികളോ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് കാടും കാട്ടുമൃഗങ്ങളും ആദിവാസികളും മാത്രമാണ്. എന്നിട്ടും എന്തുകൊണ്ടാവും അതിഭീകരമായ ഉരുള്‍പൊട്ടലും പ്രളയവും സംഭവിച്ചത്.
പിന്നീട് 18, 19 നൂറ്റാണ്ടുകളില്‍ പശ്ചിമഘട്ടത്തില്‍ ഉണ്ടായ വലിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ചരിത്രത്തില്‍ കാണാം. 1924-ലെ വെള്ളപ്പൊക്കം അഥവാ 99-ലെ പ്രളയം എന്ന ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം സംഭവിക്കുമ്പോഴും പശ്ചിമഘട്ടത്തിന്റെ 80 ശതമാനവും കാടായിരുന്നു. അന്നുണ്ടായ, തുടര്‍ച്ചയായ ഉരുള്‍പൊട്ടലില്‍ മൂന്നാറിലെ റെയില്‍ ഗതാഗതവും പഴയ ആലുവ-മൂന്നാര്‍ റോഡുമെല്ലാം തകര്‍ന്നടിഞ്ഞു. അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പശ്ചിമഘട്ടത്തിലേക്ക് കുടിയേറ്റ കര്‍ഷകരും ഗാഡ്ഗിലുമെല്ലാം എത്തുന്നത്.
ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രങ്ങളില്‍ കാണുന്നത് കഴിഞ്ഞ ദിവസം മുണ്ടക്കൈയിലും, 2020-ല്‍ പെട്ടിമുടിയിലും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ വിദൂരദൃശ്യമാണ്. ഈ രണ്ടു ദുരന്തങ്ങളുടെയും പ്രഭവകേന്ദ്രം, മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത കാട്ടിനുള്ളില്‍ ആയിരുന്നുവെന്ന് വ്യക്തം. മേല്‍പ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍, വനനശീകരണവും അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനവുമാണ് ഉരുള്‍പൊട്ടലിന് കാരണമെന്ന വിദഗ്ധരുടെ കണ്ടെത്തലുകളെ ഞങ്ങള്‍ സംശയത്തോടെ കാണുന്നതില്‍ തെറ്റുണ്ടോ?
ഒരുകാര്യം കൂടി പറയാം. 2015 മുതല്‍ 2022 വരെയുള്ള ഏഴു വര്‍ഷക്കാലം രാജ്യത്തുണ്ടായ 3782 ഉരുള്‍പൊട്ടലുകളില്‍/ മണ്ണിടിച്ചിലില്‍ 2239 എണ്ണവും കേരളത്തിന്റെ മലയോര മേഖലയിലാണെന്ന് പാര്‍ലമെന്റില്‍ വെച്ച മറ്റൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കണക്ക് ശരിയാകണമെങ്കില്‍ ഓരോ മഴക്കാലത്തും 320 ഉരുള്‍പൊട്ടലുകള്‍ വീതം ഇവിടെയുണ്ടാകണം. അതേസമയം, രാജ്യത്ത് ഏറ്റവുമധികം ദുര്‍ബ്ബലമായതും തുടര്‍ച്ചയായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകുന്നതുമായ ഹിമാലയന്‍ പര്‍വ്വതനിരകള്‍ ഉള്‍പ്പെടുന്ന ഉത്തരാഖണ്ഡില്‍ ഏഴുവര്‍ഷത്തിനുള്ളില്‍ സംഭവിച്ചത് 33 ദുരന്തങ്ങള്‍ മാത്രമാണത്രേ.
നമ്മുടെ പല പഠനറിപ്പോര്‍ട്ടിലെയും കണ്ടെത്തലുകള്‍ക്ക് വസ്തുതയുമായി കാര്യമായ ബന്ധമില്ലെന്ന് സൂചിപ്പിക്കാന്‍ ഇക്കാര്യം ഒര്‍മ്മിപ്പിച്ചുവെന്നേയുള്ളൂ.യഥാര്‍ത്ഥത്തില്‍ അതിതീവ്രമഴയും മേഘവിസ്‌ഫോടനവുമാണ് ഇവിടുത്തെ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും പ്രധാന കാരണമെന്ന് എത്രയോ വിദഗ്ധര്‍ ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞു. രണ്ടാഴ്ച കൊണ്ട് പെയ്യേണ്ട മഴ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പെയ്താല്‍ ഇതുപോലെയുള്ള ദുരന്തങ്ങള്‍ ഇനിയുമുണ്ടാവും.
അപ്പോള്‍ പിന്നെ, മേഘവിസ്‌ഫോടനവും അതിതീവ്രമഴയും ഉള്‍പ്പെടെയുള്ള കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ലേ വേണ്ടത്. ആഗോളതാപനമാണ് ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റത്തിന്റെ കാരണമെന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ സംശയലേശമെന്യേ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളലാണ് ആഗോളതാപനത്തിന് കാരണമെന്ന കാര്യത്തിലും തര്‍ക്കമില്ല. അനിയന്ത്രിതമായ വാഹനപ്പെരുപ്പം, മറ്റു പെട്രോളിയം ഉത്പന്നങ്ങളുടെ വിനിയോഗം, വ്യവസായ ശാലകളുടെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ഹരിതഗൃഹ വാതകങ്ങള്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കുന്നു.
എന്നാല്‍, ഇക്കാര്യത്തിലൊന്നും ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം കൊണ്ടുവരാനോ വിഷയം ചര്‍ച്ച ചെയ്യാനോ നമ്മള്‍ തയ്യാറല്ല. അതിനുപകരം പശ്ചിമഘട്ടം തകര്‍ന്നതാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്ന് പുലമ്പി കൊണ്ടേയിരിക്കുന്നു.2018-ല്‍ വലിയ പ്രളയമുണ്ടാവുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറോളം പേര്‍ മരണമടയുകയും അനേകായിരം കോടിയുടെ സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്തത് പശ്ചിമഘട്ടം തകര്‍ന്നതുകൊണ്ടാണോ? 1341-ലെയും 1924-ലെയും പോലെ കനത്ത മഴയെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് കുത്തിയൊലിച്ചെത്തിയ മലവെള്ളം ഒഴുകിപ്പോകേണ്ട പുഴകളും കനാലുകളും കയ്യേറി അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയാല്‍ നീരൊഴുക്ക് തടസ്സപ്പെടുകയും വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യും.സ്വാഭാവികമാണ്.
അതുകൊണ്ടുതന്നെ, നമ്മുടെ ഇടനാട്ടിലും തീരദേശത്തുമെല്ലാം ചെറുതും വലുതുമായ പ്രളയമുണ്ടാകുന്നതിന്റെ ഉത്തരവാദികള്‍ പശ്ചിമഘട്ടത്തില്‍ താമസിക്കുന്നവരേക്കാള്‍ ആ പ്രദേശത്തുള്ളവര്‍ തന്നെയാണ്.ഞങ്ങള്‍ മലയോരത്തുള്ളവര്‍ വിശുദ്ധരാണെന്നും മറ്റുള്ളവരെല്ലാം കുഴപ്പക്കാരാണെന്നുമല്ല ഈ പറഞ്ഞതിന്റെ അര്‍ത്ഥം. രണ്ടാംലോക മഹായുദ്ധ കാലത്ത് നാട്ടില്‍ പട്ടിണി രൂക്ഷമായപ്പോള്‍ എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ഭരണകൂടം മലയോരങ്ങളിലേക്ക് കയറ്റിവിട്ടവരാണ് ഞങ്ങളുടെ പൂര്‍വ്വികര്‍.
ഇങ്ങനെ കൃഷിചെയ്ത ഭൂമിക്ക് നിയമാനുസൃതമായ രേഖകളും ലഭിച്ചു. പില്‍ക്കാലത്ത്, പശ്ചിമഘട്ടത്തില്‍ ഉടനീളം പടുകൂറ്റന്‍ അണക്കെട്ടുകള്‍ നിര്‍മ്മിച്ച് പ്രകൃതിയെ മുറിവേല്‍പ്പിച്ചത് ഞങ്ങളാണോ? മുല്ലപ്പെരിയാര്‍ പോലെയുള്ള കാലഹരണപ്പെട്ട ഡാമുകള്‍ തകര്‍ന്ന് എപ്പോഴാണ് ഞങ്ങളുടെ ജീവനും ജീവനോപാധിയും തകരുന്നതെന്ന ഭീതിയിലാണ് ഓരോ ദിവസവും കഴിയുന്നത്. ഇതിനുപുറമേ ഒട്ടേറെ നിയന്ത്രണങ്ങളുമുണ്ട്. പല പഞ്ചായത്തുകളിലും റെഡ് സോണ്‍, ഓറഞ്ച് സോണ്‍ എന്ന രീതിയില്‍ വിഭജനം ഏര്‍പ്പെടുത്തികൊണ്ട് നിര്‍മ്മാണ നിയന്ത്രണങ്ങള്‍ വന്നുകഴിഞ്ഞു.
ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. പശ്ചിമഘട്ടം, പരിസ്ഥിതി ദുര്‍ബ്ബല പ്രദേശം എന്നൊക്കെ പറഞ്ഞ് പല റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണത്തിന് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നില്ല. ഇതിനും പുറമേ, 1964-ലെ ഭൂപതിവ് ചട്ടം അനുസരിച്ച് പട്ടയം ലഭിച്ച ഭൂമിയില്‍ വീട് നിര്‍മ്മിക്കുകയും കൃഷിയിറക്കുകയും ചെയ്യാമെന്നല്ലാതെ ചെറിയൊരു കടമുറി പണിയാന്‍ പോലും അനുവാദമില്ല. ഇതും കൂടാതെയാണ്, വര്‍ദ്ധിച്ചു വരുന്ന കാട്ടുമൃഗങ്ങളുടെ ശല്യം.
ഇനിയും എന്തൊക്കെ നിയന്ത്രണങ്ങളാണ് ഞങ്ങള്‍ അനുഭവിക്കേണ്ടത്. ഗാഡ്ഗില്‍ പറഞ്ഞതുപോലെ പശ്ചിമഘട്ടത്തില്‍ പ്ലാസ്റ്റിക്ക് നിരോധിക്കുകയും അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമോ? ആകുമെന്നാണ് ഉത്തരമെങ്കില്‍ അത് മിഥ്യാധാരണയാണ്.നിങ്ങളുടെ പൂര്‍വ്വികര്‍ ചെയ്ത അതേ തെറ്റുതന്നെയാണ് ഞങ്ങളുടെയും പൂര്‍വ്വികര്‍ ചെയ്തിട്ടുള്ളത്. കൃഷി ചെയ്ത് പട്ടിണി മാറ്റാനുള്ള ശ്രമത്തിനിടയില്‍ ഹരിതഗൃഹ വാതകങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടായിരുന്ന വനാവരണം വലിയ തോതില്‍ നശിപ്പിക്കേണ്ടിവന്നു.
പക്ഷേ, ഹരിതഗൃഹ വാതകങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുടെ കാര്യത്തില്‍ പശ്ചിമഘട്ടത്തിലെ വനങ്ങള്‍ക്ക് മാത്രമായി പ്രത്യേക ശേഷിയൊന്നുമില്ല. എല്ലാ ദേശത്തെയും കാടുകള്‍ക്ക് തുല്യശേഷിയാണ്. അങ്ങനെ വരുമ്പോള്‍, ഒരുകാലത്ത് നമ്മുടെ ഇടനാട്ടിലും തീരദേശം വരെയും വ്യാപിച്ചു കിടന്നിരുന്ന കാടുകള്‍ വെട്ടിനശിപ്പിച്ചതിന് ആര് സമാധാനം പറയും. ഇന്നത്തെ പട്ടണവാസികളുടെ പൂര്‍വ്വികര്‍ ആദ്യം ചെയ്തത് ഞങ്ങളുടെ പൂര്‍വ്വികര്‍ പിന്നീട് ചെയ്തു. അത്രയേയുള്ളൂ വ്യത്യാസം. എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്വമാണെന്ന് അര്‍ത്ഥം.
പശ്ചിമഘട്ടത്തില്‍ വലിയ ക്വാറികളും വമ്പന്‍ നിര്‍മ്മിതികളുമൊന്നും വേണ്ടെങ്കില്‍ ഞങ്ങളും പിന്തുണയ്ക്കുന്നു. ക്വാറികളില്‍ പലതും വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൂട്ടിക്കഴിഞ്ഞു. ഇപ്പോള്‍ തന്നെ ഹൈറേഞ്ചില്‍ വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ കല്ലും മെറ്റലും പാറപ്പൊടിയുമൊക്കെ കൊണ്ടുവരുന്നത് ഇരട്ടിവിലയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നാണ്. അതുപോലെ ഇടനാടിനെയും തീരദേശത്തെയും നമുക്ക് സംരക്ഷിക്കണ്ടേ? അണക്കെട്ടുകളും പൊളിച്ചുനീക്കാം. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് ഉത്പാദിപ്പിക്കുന്ന വൈദ്യുതി എനിക്ക് വേണ്ടെന്ന് ഓരോ ഗാഡ്ഗില്‍ വാദിയും തീരുമാനിക്കട്ടെ.
ഹരിതഗൃഹ വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്ന എല്ലാ വാഹനങ്ങളെയും എയര്‍ കണ്ടീഷണറുകളെയും നമുക്ക്് ഉപേക്ഷിക്കാം. ക്വാറിയില്‍ നിന്നുള്ള കല്ലും മെറ്റലും പാറപ്പൊടിയും അതുകൊണ്ടുണ്ടാക്കുന്ന സിമന്റ് ബ്രിക്‌സുകളും ഉപയോഗിച്ചുള്ള ഒരു നിര്‍മ്മാണവും ഞാന്‍ നടത്തില്ലെന്ന് കൂടി തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ മുഴുവന്‍ ക്വാറികളും പൂട്ടിപ്പോകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അങ്ങനെ, ഉരുള്‍ പൊട്ടുന്ന മലയോരങ്ങളും പ്രളയമുണ്ടാകുന്ന സമതലങ്ങളുമെല്ലാം നമുക്ക് സംരക്ഷിക്കാം. പശ്ചിമഘട്ടം തകര്‍ന്നിട്ടുണ്ടെങ്കില്‍, സമാനമായ രീതിയില്‍ സമതലങ്ങളും തകര്‍ക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട്, ഗാഡ്ഗില്‍ പറഞ്ഞതുപോലെ നമുക്ക് എല്ലായിടത്തും വനാവരണം സൃഷ്ടിക്കാം.