ഉടുമ്പൻചോല താലൂക്കിൽ രാജകുമാരി വില്ലേജിൽ മുള്ളൻതണ്ടിലെ റവന്യൂ മലനിരകളിൽ വ്യാപക കൈയ്യേറ്റം

ഉടുമ്പൻചോല താലൂക്കിൽ രാജകുമാരി വില്ലേജിൽ മുള്ളൻതണ്ടിലെ റവന്യൂ മലനിരകളിൽ വ്യാപക കൈയ്യേറ്റം. രണ്ടായിരത്തി ആറിൽ ടൂറിസം വികസനത്തിനായി ഹെലിപാട് നിർമ്മാണത്തിനായി സർക്കാർ കണ്ടെത്തിയ സ്ഥലത്താണ് കയ്യേറ്റം നടന്നിരിക്കുന്നത്. സ്വകാര്യ വ്യക്തി മലമുകൾ കൈയ്യടക്കി നിർമ്മാണം നടത്തി വിനോദ സഞ്ചാരികളെ എത്തിക്കുകയാണ്.
മലമുകളിൽ പത്തിലധികം ചെറിയ കോട്ടേജുകളും, രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുകയാണ്. നിലവിൽ മലയുടെ നടുവിൽ സ്വിമ്മിംഗ് പൂൾ നിർമ്മാണവും പുരോഗമിക്കുന്നു. ഉദ്യോഗസ്ഥ അന്വേഷണം പ്രതിരോധിക്കാൻ മലമുകളിലേയ്ക്കുള്ള വഴിയിൽ മരങ്ങൾ കടപുഴകി വീഴ്ത്തിയും റോഡിൽ കിടങ്ങുകൾ നിർമ്മിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
മുൻപ് ഭൂമി കൈയ്യേറിയതിനെപ്പറ്റി ആക്ഷേപം ഉയർന്നപ്പോൾ മലയുടെ സമീപത്തെ പട്ടയ ഭൂമിയുടെ രേഖകൾ സമർപ്പിച്ച് ഉദ്യോഗസ്ഥ അന്വേഷണത്തിൽ നിന്നും കൈയ്യേറ്റക്കാരാൻ തടിതപ്പിയതായും വിവരം ലഭിച്ചു. റിസർവ്വേ പൂർത്തിയായ രാജകുമാരി വില്ലേജിൽ മുള്ളംതണ്ടിലെ കയ്യേറ്റം ഉദ്യോഗസ്ഥ വൃന്തത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നതിലും ദുരൂഹത ഉയരുകയാണ്.