ഉപ്പുതറയിൽ കൃഷിയിടത്തിൽ നിന്നും കാട്ടാനയെ തുരത്തുന്നതിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി വനം വകുപ്പ് വാച്ചറുടെ വിരലുകൾ അറ്റു

ഉപ്പുതറയിൽ കൃഷിയിടത്തിൽ നിന്നും കാട്ടാനയെ തുരത്തുന്നതിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി വനം വകുപ്പ് വാച്ചറുടെ വിരലുകൾ അറ്റു. ഉപ്പുതറ പാലക്കാവ് പുത്തൻപുരയ്ക്കൻ പ്രസാദിൻ്റെ വിരലുകളാണ് അറ്റുപോയത്. കൃഷിയിടത്തിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കൈയ്യിലിരുന്ന പടക്കം പൊട്ടുകയായിരുന്നു. അപകടത്തിൽ വലതു കൈയിലെ തള്ളവിരൽ അറ്റു.
ഉടൻ തന്നെ ഉപ്പുതറ ഗവ. ആശുപതിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആഴ്ചകളായി ഒറ്റയാൻ പാലക്കാവ്, മുത്തംപടി, കൂപ്പുപാറ പ്രദേശങ്ങളിൽ ഒറ്റയാൻ കൃഷിയിടത്തിൽ നാശം വിതക്കുകയാണ്. കാക്കത്തോട് ഡിവിഷനിൽ നിന്നു കാടിറങ്ങിയ ഒറ്റയാൻ ഏഴു ദിവസമായി പാലക്കാവിൽ നിലയുറപ്പിച്ച് കൃഷി നശിപ്പിക്കുകയാണ് .
വെള്ളിയാഴ്ച മാത്രം കിഴക്കേ വേലിക്കാത്ത് ബിൻസ്, ചെറുവള്ളി ജോസഫ് , ദീപക് . പുല്ലുവേലി റിജു പോൾ കൊച്ചാനിമൂട്ടിൽ നിഷ , തേരകം കുഴയിൽ ബേബി, കപ്പിലാമൂട്ടിൽ സിജു, മറ്റത്തിൽ ആലീസ് എന്നിവരുടെ പുരയിടത്തിൽ വ്യാപക കൃഷിനാശം ഉണ്ടാക്കി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. ആന കൃഷിയിടത്തിൽ നിൽക്കുന്ന വിവരം അറിഞ്ഞാണ് നാട്ടുകാർക്കൊപ്പം വാച്ചർ പ്രസാദ് എത്തിയത്. ആനയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ശനിയാഴ്ച വൈകിയും വിജയിച്ചില്ല.
ആറു ദിവസം മുൻപ് തകരാറിലായ വൈദ്യതി ശനിയാഴ്ചയാണ് പുനസ്ഥാപിച്ചത്. ആന ശല്യത്തിനിടെ വൈദ്യുതി മുടങ്ങിയതും നാട്ടുകാർക്ക് വിനയായി. ആന ശല്യം രൂക്ഷമായ പല സന്ദർഭങ്ങളിലും വിവരം അറിയിച്ചാലും വനം വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കാറില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മ ചേർന്ന് വനം വകുപ്പിൻ്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് .