കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ദേവികുളം ഗ്യാപ്പ് റോഡില്‍ യാത്രാ നിരോധനം ; പ്രതിസന്ധിയിലായി ചിന്നക്കനാല്‍ മേഖലയിലെ സ്‌കൂൾ വിദ്യാര്‍ത്ഥികൾ

കനത്ത മഴയും മണ്ണിടിച്ചില്‍ സാധ്യതയും കണക്കിലെടുത്താണ് ഇടുക്കി ജില്ലാ ഭരണകൂടം ദേവികുളം ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ആദ്യഘട്ടത്തില്‍ രാത്രിയാത്രക്കായിരുന്നു നിയന്ത്രണമെങ്കില്‍ ഇപ്പോള്‍ പകല്‍ സമയത്തും യാത്ര അനുവദനീയമല്ല.ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ചിന്നക്കനാൽ സ്‌കൂളില്‍ പഠനം നടത്തുന്ന മൂന്നാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍.
വിദ്യാര്‍ത്ഥികളുമായി ഗ്യാപ്പ് റോഡിലൂടെ കടന്നു പോകാന്‍ എത്തിയ സ്‌കൂള്‍ ബസ് പോലീസ് മടക്കി അയച്ചിരുന്നു. ഗ്യാപ്പ് റോഡില്‍ യാത്രാ നിരോധനം ഉണ്ടാകുന്ന എല്ലാ മഴക്കാലത്തും ചിന്നക്കനാലില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ട്.ഗ്യാപ്പ് റോഡിലെ യാത്ര നിരോധിക്കുന്നതോടെ ഇരട്ടിയിലധികം ദൂരം ചുറ്റി സഞ്ചരിച്ച് വേണം കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ എത്താന്‍.
മണ്ണിടിച്ചിലിൽ റോഡിലേക്ക് പതിച്ച പാറക്കല്ലുകൾ മഴ കുറയുന്ന മുറക്ക് മാത്രമെ പൊട്ടിച്ച് നീക്കാനാകുവെന്ന് ദേവികുളം സബ് കളക്ടർ പറഞ്ഞു.നിലവില്‍ ദേവികുളം മുതല്‍ പൂപ്പാറ വരെയുള്ള ഭാഗത്താണ് യാത്രാ നിരോധനമുള്ളത്.മഴ പൂർണ്ണമായും മാറാതെ ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാൻ കഴിയില്ല.