കുമളി -ആനവിലാസം റോഡിൽ ശാസ്താനടക്ക് സമീപം മരം കടപുഴകി വീണു. ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കട്ടപ്പന ആനവിലാസം റോഡിൽ ആനവിലാസം ടൗണിന് സമീപത്തായി വൻമരം കടപുഴയ്ക്ക് വീണത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്നിരുന്ന മരമാണ് റോഡിലേക്ക് പതിച്ചത് . സംഭവസമയം ഇതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രകൻ മരം മറിഞ്ഞ് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിൽ നിന്നും ഇറങ്ങിയോടി.
ഇതോടെ വലിയൊരു അപകടമാണ് വഴി മാറിയത്. റോഡിന് കുറുകെ മരം പതിച്ചതോടെ അടിമാലി കുമളി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. രണ്ട് വൈദ്യുത പോസ്റ്റുകളും ലൈനുകളും സ്വകാര്യ കേബിൾ കമ്പനിയുടെ ഫൈബർ ലൈനുകളും തകർന്നു.
നാട്ടുകാരുടെ നേതൃത്വത്തിലാണ് മരം റോഡിൽനിന്ന് മുറിച്ച് നീക്കിയത്. പാതയുടെ ഇരുവശത്തുമുള്ള കൃഷിയിടങ്ങളിൽ നിരവധി മരങ്ങളാണ് അപകടഭീക്ഷണി ഉയർത്തി നിലകൊള്ളുന്നത്.വിഷയത്തിൽ നിരവധി നിവേദനങ്ങൾ ജില്ല കളക്ടർക്കടക്കം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. എല്ലാം മഴക്കാലത്തും ഇവിടെ മരം കടപുഴകിയും ഒടിഞ്ഞും വീഴുന്നത് പതിവാണ്.