തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ അടിക്കടി രൂപപ്പെടുന്ന ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു

തൊടുപുഴ പുളിയന്മല സംസ്ഥാനപാതയുടെ ഭാഗമായ പാറക്കടവ് പുളിയന്മല റോഡിലാണ് നിരന്തരമായി ഗതാഗതതടസം ഉണ്ടാകുന്നത് . ഏതെങ്കിലും വലിയ വാഹനം റോഡിൽ കുടുങ്ങിയാൽ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും എത്തേണ്ടവർ മണിക്കൂറോളം റോഡിൽ കുടുങ്ങും .പാതക്ക് ആവശ്യമായ വീതി ഇല്ലാത്തതും നാലോളം വലിയ ഹെയർപിൻ വളവുകളും ആണ് വെല്ലുവിളി സൃഷ്ടിക്കുന്നത്.
നിരന്തരമായി ഗതാഗത തടസ്സം ഉണ്ടാകുമ്പോഴും പരിഹരിക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഗതാഗത തടസം ഉണ്ടാകുന്ന വേളയിൽ കട്ടപ്പന പാറക്കടവിൽ എത്തിച്ചേരാൻ മൂന്ന് ബൈറോടഡുകൾ മേഖലയിലുണ്ട് . എന്നാൽ നഗരസഭ ഈ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ തയ്യാറാവാത്തതോടെ പ്രധാന പാതയെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
മഴ ശക്തമാകുന്നതോടെ കട്ടപ്പന മുതൽ പുളിയന്മല വരെയുള്ള ഭാഗങ്ങളിൽ മരം കടപുഴകി വീഴുന്നതും,ഒടിഞ്ഞു വീഴുന്നതും മണ്ണിടിയുന്നതും പതിവാണ് . ഇത് വലിയ ഗതാഗത കുരുക്കിലേക്ക് നയിക്കും . വിനോദസഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും തമിഴ് നാട്ടിലേക്ക് ചരക്ക് വണ്ടികൾ പോകുകയും വരികയും ചെയ്യുന്ന പാതകൂടിയാണിത്.
മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ നവീകരണം ഉണ്ടെങ്കിലും പദ്ധതിക്ക് കാലതാമസം ഉണ്ടാകുന്നതും വെല്ലുവിളിയാണ്. അടിയന്തരമായി ബൈ റോഡുകൾ നവീകരിക്കുകയും, പാറക്കടവ് പുളിമല റോഡിന്റെ നിലവിലെ അപകട സാഹചര്യങ്ങൾ പരിഹരിക്കുകയും , ചരക്ക് വാഹനങ്ങൾക്ക് വൺവേ ക്രമീകരിച്ച് നിയന്ത്രണം ഉണ്ടാവുകയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.