പുറ്റടി ഗവ: ആശുപത്രി ക്വാർട്ടേഴ്സിന് സമീപത്ത് മരം വീണ് സംരക്ഷണ ഭിത്തി അപകടാവസ്ഥയിലായി

വണ്ടൻമേട് പുറ്റടി മേഖലകളിൽ മഴയോടൊപ്പം ശക്തമായ കാറ്റുമാണ് വീശിയിരിക്കുന്നത്. നിരവധിയിടങ്ങളിലാണ് മരങ്ങൾ ഒടിഞ്ഞ് വീഴുകയും മണ്ണിടിച്ചിലും ഉണ്ടായത്. കഴിഞ്ഞ രാത്രി ഒന്നരയോടെയാണ് പുറ്റടി സർക്കാർ ആശുപത്രി കോട്ടേർഴ്സിന് സമീപം നിന്ന കൂറ്റൻ ചീമ മുരിക്ക് നിലം പതിച്ചത്. മരം വീണ് മതിൽ തകരുകയും ഇരുപതടിയോളം ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന കൽകെട്ടിന് വിള്ളൽ സംഭവിക്കുകയും ചെയ്തു.
മഴ ശക്തമായാൽ കുമളി - മൂന്നാർ റോഡിലേക്കാവും കൽകെട്ട് വീഴുക. അതുകൊണ്ട് തന്നേ ഉത്തരവദപ്പെട്ടവരുടെ നിസ്സംഗ മനോഭാവം മാറ്റി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.കോട്ടേഴ്സിന് സമീപം 13 ഓളം മരങ്ങളാണ് അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്. ഇത്തരത്തിലുള്ള മരങ്ങളുടെ ശിഖരങ്ങൾ മുറിക്കാത്ത പക്ഷം വൻ ദുരന്തമാവും നേരിടേണ്ടി വരിക.
ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ യാതൊരു നീക്കങ്ങളും ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുയരുകയാണ്.മരം വെട്ടിമാറ്റാൻ കട്ടപ്പന ഫയർഫോഴ്സ് എത്തിയെങ്കിലും സാങ്കേതിക കാരണങ്ങൾ മൂലം മടങ്ങുകയും ചെയ്തു.മരം വീണ് അപകടാവസ്ഥയിൽ കൂറ്റൻ കൽകെട്ട് സ്ഥിതി ചെയ്യുമ്പോഴും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല എന്ന തരത്തിലാണ് മെഡിക്കൽ ഓഫീസറുടെ ഭാഗത്തു നിന്നും അറിയിച്ചത്.