കാഞ്ചിയാർ പള്ളികവലയിൽ മരത്തിന്റെ വൻ ശിഖരം വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞുവീണ് അപകട ഭീക്ഷണി

കാഞ്ചിയാർ പള്ളിക്കവലയിൽ തിങ്കൾ രാത്രിയിൽ മരം കടപുഴകി വീണ് മലയോര ഹൈവേയിലെ ഗതാഗതം അടക്കം തടസ്സപ്പെട്ടിരുന്നു . അതിന് പിന്നാലെയാണ് ചൊവ്വ പുലർച്ചയോടെ മരത്തിന്റെ വൻ ശിഖരം വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞുവീണത് . യാത്രക്കാർക്ക് വലിയ ഭീഷണി ഉയർത്തിയാണ് മരച്ചില്ല വൈദ്യത ലൈനിൽ കിടക്കുന്നത്.
സംഭവം വനം വകുപ്പിനെയും വൈദ്യുതിവകുപ്പിനെയും അറിയിച്ചിട്ടും മരച്ചില്ല വെട്ടി മാറ്റാൻ നടപടി വൈകുകയാണ്. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അപകട ഭീഷണി ഉയർത്തി നിരവധി വൻമരങ്ങളാണ് നിലകൊള്ളുന്നത്.മഴ ശക്തമായതോടെ ഏതു നിമിഷവും ഇവിടെനിന്ന് മരങ്ങൾ ഒടിഞ്ഞു വീഴാനും കടപുഴകി വീഴാനുമുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
നിരവധി വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയായിട്ടാണ് മരങ്ങൾ നിലകൊള്ളുന്നത്. മരങ്ങൾ ഉയർത്തുന്ന ഭീഷണി നിരവധി തവണ വനം വകുപ്പിനേ അറിയിച്ചിട്ടും മരങ്ങൾ വെട്ടിമാറ്റാൻ നടപടി സ്വീകരിച്ചിട്ടില്ല എന്നും പ്രദേശവാസികൾ പറയുന്നു . ഇന്നലെ മുതൽ മേഖലയിൽ വൈദ്യുതിയുമില്ല.അടിയന്തരമായി മേഖലയിലെ അപകട ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.