വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു ജോസിനെ യു ഡി എഫ് അംഗങ്ങൾ രണ്ട് മണിക്കൂറോളം ഓഫീസില്‍ തടഞ്ഞ് വച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി എൽഡിഎഫ്;പ്രസിഡൻ്റിനെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിലെത്തിയ യു ഡി എഫ് മെമ്പര്‍മാരായ ഗുണ്ടാസംഘം പ്രസിഡന്‍റിന്‍റെ മുറിയിലേക്ക് ഇരച്ചു കയറുകയായിരുന്നുവെന്ന് എൽഡിഎഫ് ആരോപിച്ചു. പുറത്ത് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയോടെയാണ് യു ഡി എഫ് നേതാക്കള്‍ മുറിക്കുള്ളില്‍ വളഞ്ഞിട്ട് ഭീഷണിപ്പെടുത്തിയത്. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യ വാക്കുകളോടെയാണ് ഇവര്‍ പ്രസിഡന്‍റിനെ വളഞ്ഞത്. ഹൃദ്രോഗിയായ വനിതാ പ്രസിഡന്‍റ് അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ഭയചകിതയായി. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഉപദ്രവിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും കൂട്ടാക്കാന്‍ അക്രമിസംഘം തയ്യാറായില്ലെന്ന് എൽഡി എഫ് നേതാക്കൾ ആരോപിച്ചു.
എഴുന്നേല്‍ക്കാന്‍ ശ്രമിച്ച പ്രസിഡന്‍റിനെ പിടിച്ചിരുത്തുകയും, മേശയ്ക്കിട്ട് അടിച്ച് ശബ്ദമുയര്‍ത്തി ആക്രോശിക്കുകയും, കൈകള്‍ പലവട്ടം തട്ടിമാറ്റുകയും ചെയ്തു. ശാരീരിക അസ്വസ്ഥത നേരിട്ട വനിതാ പ്രസിഡന്‍റ് വെള്ളം ചോദിച്ചിട്ട് കൊടുക്കാന്‍ പോലും അക്രമികാരികള്‍ തയ്യാറായില്ല. അതേ സമയം വിവരമറിഞ്ഞ് മുരിക്കാശ്ശേരി പോലീസ് സ്ഥലത്തെത്തിയെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാകാതെ മാറി നിന്നു. യു ഡി എഫ് പഞ്ചായത്ത് പ്രസിഡന്‍റിനെ അക്രമിച്ചപ്പോള്‍ കാഴ്ചക്കാരെപ്പോലെ നില്‍ക്കുകയായിരുന്നു പോലീസ്. മുരിക്കാശ്ശേരിയില്‍ ബാങ്ക് ഇലക്ഷന്‍ സംബന്ധിച്ച് നടന്നുകൊണ്ടിരുന്ന യോഗത്തില്‍ നിന്ന് എല്‍ ഡി എഫ് നേതാക്കള്‍ വിവരമറിഞ്ഞ് ഓടിയെത്തിയാണ് പ്രസിഡന്‍റിനെ മോചിപ്പിച്ചത്.
അവശനിലയിലായ പഞ്ചായത്ത് പ്രസിഡന്‍റിനെ എല്‍ ഡി എഫ് നേതാക്കള്‍ ആദ്യം ചരളങ്ങാനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും, പിന്നീട് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. അഡ്മിറ്റ് ചെയ്ത പഞ്ചായത്ത് പ്രസിഡന്‍റ് ചികിത്സയില്‍ തുടരുകയാണ്.
തോപ്രാംകുടി ബ്ലോക്ക് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരുതിക്കൂട്ടി നടത്തിയ യു ഡി എഫ് ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ ഡി എഫ് നേതാക്കള്‍ ചെറുതോണിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യു ഡി എഫിന്‍റെ അക്രമരാഷ്ട്രീയത്തിലും, വനിതാ പ്രസിഡന്‍റിനെ കൈയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് പഞ്ചായത്തിലുടനീളം പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സി പി ഐ എം ഏരിയ കമ്മറ്റിയംഗം ഇ എന്‍ ചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോണി എബ്രഹാം, മെമ്പര്‍മാരായ കെ എ അലി, സനില വിജയന്‍, സുനിത സജീവ്, ലൈല മണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.