മാലിന്യ സംസ്കരണത്തിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിനെ മാതൃകയാക്കാനൊരുങ്ങി ചങ്ങനാശ്ശേരി നഗരസഭ; മാലിന്യ സംസ്കരണ സംവിധാനങ്ങൾ മനസിലാക്കാൻ ഭരണ സമിതിയും ഉദ്യോഗസ്ഥരും ഇരട്ടയാറിൽ

മാലിന്യ സംസ്കരണത്തിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിനെ മാതൃകയാക്കാനൊരുങ്ങി ചങ്ങനാശ്ശേരി നഗരസഭ.ഇരട്ടയാറിലെ മിനി എം സി എഫും തുമ്പൂർമുഴി മോഡൽ അടക്കമുള്ള മാലിന്യസംസ്കരണ സംവിധാനങ്ങൾ നഗരസഭ ഭരണ സമിതിയും ഉദ്യോഗസ്ഥരും കണ്ടു മനസിലാക്കി.മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്ന പദ്ധതികളാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്നത്.
ഓരോ വാർഡുകളിൽ നിന്നും ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ മിനി എംസി എഫിൽ എത്തിച്ച് തരം തിരിച്ച് ഗ്രീൻ കേരള കമ്പനിക്ക് നല്കിയും ജൈവ മാലിന്യങ്ങൾ തുമ്പൂർമുഴി മോഡൽ പ്ലാൻറിലെത്തിച്ച് ജൈവ വളമാക്കി മാറ്റിയുമാണ് ഇരട്ടയാർ ഗ്രാമത്തെ മാലിന്യവിമുക്ത പഞ്ചായത്താക്കി മാറ്റിയിരിക്കുന്നത്.
ഇത്തരം മാതൃകപരമായ പ്രവർത്തനം നേരിട്ടു കണ്ടു മനസിലാക്കുന്നതിനാണ് ചങ്ങനാശ്ശേരി നഗരസഭ ചെയർപേഴ്സൺ ബീന ജോബിയുടെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ശുചിത്വ, ആരോഗ്യ വിഭാഗം ജീവനക്കാരും ഉൾപ്പെടെയുള്ളവർ ഇരട്ടയാറിലെത്തിയത്.എം സി എഫ്, തുമ്പൂർമുഴി,ഇ വേസ്റ്റ്, ചില്ല് വേസ്റ്റ് ശേഖരണം എന്നിവയുടെ പ്രവർത്തനങ്ങൾ ഹരിത കർമ്മ സേനാംഗങ്ങളോടു ചോദിച്ചു മനസിലാക്കി.ഇരട്ടയാർ പഞ്ചായത്ത് പ്രസിഡൻറ് ജിഷ ഷാജി, പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു.