കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃത്വത്തിൽ ഭിന്നത രൂക്ഷം; ഡി സി സി പ്രസിഡന്റ് സി പി മാത്യു രാജി കത്ത് നൽകി, കെ പി സി സി പ്രസിഡൻ്റിൻ്റെ പരിപാടിയിൽ പങ്കെടുക്കാതെ ഡി സി സി പ്രസിഡന്റ്

കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃത്വത്തിൽ ഏറെക്കാലമായി തുടരുന്ന ഭിന്നത രൂക്ഷമാകുന്നു. അടിമാലിയിൽ മറിയക്കുട്ടിക്ക് കെ പി സി സി നേതൃത്വം വച്ച് നൽകിയ വീടിൻ്റെ താക്കോൽ ദാന ചടങ്ങിൽ നിന്ന് സി പി മാത്യു വിട്ടു നിന്നു. ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ സി പി മാത്യുവിനെ ഡി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതേച്ചൊല്ലിയാണ് ഭിന്നത രൂക്ഷമായത്. ഇടുക്കി ജില്ലയിൽ ഒരു മണ്ഡലം പ്രസിഡൻ്റിനെ ഡി സി സി നേതൃത്വം അറിയാതെ കെ സുധാകരൻ നിയമിച്ചതും സി പി മാത്യുവിനെ അസ്വസ്ഥനാക്കി.
ഇന്നലെ സിപി മാത്യു കെ പി സി സി പ്രസിഡൻ്റിന് രാജികത്ത് നൽകിയെന്നാണ് സൂചന. എന്നാൽ കെപിസിസി പ്രസിഡൻ്റ് ഇത് നിഷേധിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലമാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് സി പി മാത്യുവിൻ്റെ വിശദീകരണം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് കോൺഗ്രസിൽ ഭിന്നത രൂക്ഷമായത്. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഡി സി സി സി പ്രസിഡൻ്റ് നിർജീവമായിരുന്നതായാണ് എതിർ വിഭാഗത്തിൻ്റെ ആരോപണം. സി പി മാത്യുവിനെ ഡി സി സി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കാൻ കെ പി സി സി നേതൃത്വം ശ്രമിക്കുന്നതായും നേരത്തെ സൂചനയുണ്ടായിരുന്നു.