സിപിഎമ്മിന്റെ രാജി നിർദ്ദേശം തളളിയ ഇടുക്കി തൊടുപുഴ നഗരസഭ അധ്യക്ഷനുളള പിന്തുണ എൽഡിഎഫ് പിൻവലിച്ചു

കൈക്കൂലി കേസിൽ വിജിലൻസ് പ്രതി ചേർത്തതോടെയാണ് തൊടുപുഴ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ്ജിന്റെ രാജി സിപിഎം ആവശ്യപ്പെട്ടത്. രാജി ഇല്ലെന്ന് പ്രഖ്യാപിച്ച ചെയർമാനെതിരെ സമരം ചെയ്യുമെന്നും എൽ ഡി എഫ് നേതൃത്വം വ്യക്തമാക്കി.
ഇതോടെ തൊടുപുഴ നഗരസഭയിലെ രാഷ്ട്രീയം ദിവസങ്ങൾ കഴിയുംതോറും കുഴഞ്ഞു മറിയുകയാണ്. കൈക്കൂലി കേസിൽ പ്രതിയായ എൽ ഡി എഫ് പിന്തുണയുള്ള നഗരസഭ ചെയർമാനോട് രാജി വെച്ച് ഒഴിയുവാൻ സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ചെയർമാൻ പരസ്യമായി തള്ളി. ഇതോടെയാണ് എൽഡിഎഫ് കൗൺസിലർമാർ ചെയർമാനുള്ള പിന്തുണ പിൻവലിക്കുന്നത്.
സി പി എം നിർദ്ദേശത്തെ ചെയർമാൻ സനീഷ് ജോർജ് തളളിക്കളഞ്ഞതും അവധി അപേക്ഷ നൽകിയിരിക്കെ നഗരസഭ ഓഫീസിലെത്തി ഫയലുകളൊപ്പിട്ടതുമെല്ലാം എൽ ഡി എഫ് നേതൃത്വത്തിനു അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സനീഷ് ജോർജ് ഉൾപ്പെടെ LDF ന് 14ഉം യുഡിഎഫ്നു 12ഉം ബിജെപിക്ക് എട്ടും അംഗങ്ങൾ ആണ് തൊടുപുഴ നഗരസഭയിലുള്ളത്.
അംഗബലമില്ലാത്തതിനാൽ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ചെയർമാനെ പുറത്താക്കാൻ എൽ ഡി എഫിന് കഴിയാത്ത സാഹചര്യത്തിലാണ് പിന്തുണ പിൻവലിച്ചത്.ചെയർമാന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും സമരം തുടരുകയാണ്. വരും ദിവസങ്ങളിൽ എൽ ഡി എഫ് കൂടി സമരം ശക്തമാക്കുന്നതോടെ നഗരസഭയും കൗൺസിൽ യോഗവും ഉൾപ്പെടെ കലുഷിതമായേക്കും.