വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടിട്ട് മുന്ന് വർഷം പിന്നിടുന്നു

2021 ജൂണ്‍ 30നാണ് ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുന്നത്. ആദ്യം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാണെന്ന് പറഞ്ഞ പൊലീസ് പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ ക്രൂരമായ പീഡന വിവരം കണ്ടെത്തിയതോടെയാണ് ബലാത്സംഗ - കൊലപാതക കുറ്റം ചുമത്തിയത്.
പിഞ്ചു ബാലിക ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് 3 വർഷങ്ങൾ പിന്നിടുകയാണ്. കേസിൽ തക്കതായ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുവാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന കാരണത്താൽ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്ത കുറ്റാരോപിതനായ അർജുൻ എന്നയാളെ കട്ടപ്പന കോടതി വെറുതെ വിടുകയായിരുന്നു.
ഇതിന് ശേഷം വിവിധ രാഷ്ട്രീയ കക്ഷികളുടെ വലിയ പ്രക്ഷോഭ സമരങ്ങൾക്കാണ് വണ്ടിപ്പെരിയാർ സാക്ഷ്യം വഹിച്ചത്. എന്നാൽ ഈ പ്രക്ഷോഭ സമരങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പ് കാലം വരെ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളു. കേസിൽ പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകിയ തോടെ കുടുംബത്തിന് നീതി ലഭ്യമാകുന്നതിനായി പുതിയ പ്രോസിക്യൂഷനെ നിയമിക്കുമെന്ന സർക്കാർ വാഗ്ദാനവും പാഴ് വാക്കായി മാറിയതോടെ തങ്ങളുടെ പൊന്നോമനയുടെ മൂന്നാം ചരമവാർഷികത്തിലും തങ്ങൾക്ക് നീതി ലഭിക്കണമെന്ന പ്രാർഥനയിൽ പിഞ്ചോമനയുടെ കല്ലറയിൽ കുടുംബാംഗങ്ങൾ തിരിതെളിച്ചു.
കൊലപാതകം നടന്നതിന് പിന്നാലെ ജൂലൈ നാലിന് അയൽവാസിയായ അർജുനെ പൊലീസ് പിടികൂടി. 78 ദിവസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു. അന്നത്തെ വണ്ടിപ്പെരിയാർ സിഐ TD സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. പിന്നീട് കോടതിയിൽ പ്രോസിക്യൂഷന് ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുവാൻ കഴിഞ്ഞില്ല എന്ന കാരണത്താൽ കുറ്റാരോപിതനെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധി വന്നപ്പോഴും സമൂഹ മനസാക്ഷിക്ക് ഒരു ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.
ഇയാൾ അല്ലെങ്കിൽ മറ്റാരാണ് ആ പിഞ്ചു ബാല്യത്തെ ഞെരിച്ചുടച്ചതെന്ന് കണ്ടെത്തുകയോ അല്ലാത്ത പക്ഷം മതിയായ തെളിവുകൾ നൽകണമെന്നു കൂടിയുള്ള നിർദേശം കൂടി നീതി പീഡത്തിന് നൽകാമായിരുന്നു.ഈ ലോക കാപട്യങ്ങളുടെ മുഖം തിരിച്ചറിയാത്ത ആ പിഞ്ചു ബാല്യം ഒരു ക്രൂര കൊലപാതകത്തിന്റെ അവശേഷിക്കുന്ന സാക്ഷിയായി ഇവിടെ അന്തിയുറങ്ങുകയാണ്.