കാഞ്ചിയാർ ലബ്ബക്കട വെള്ളിലാംകണ്ടം ബൈപാസ് റോഡിൽ കലുങ്കിൻ്റെ വശങ്ങൾ ഇടിഞ്ഞുതാഴ്ന്നത് അപകടഭീക്ഷണി ഉയർത്തുന്നു

കട്ടപ്പന -കുട്ടിക്കാനം സംസ്ഥാന പാതയിലെ പ്രധാന ബൈപ്പാസ് റോഡാണ് ലബ്ബക്കട വെള്ളിലാംകണ്ടം റോഡ്. പ്രദേശവാസികളുടെ ഏക യാത്ര മാർഗ്ഗവും ഇ പാത മാത്രമാണ്. റോഡ് നവീകരിച്ചതോടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.മലയോര ഹൈവേയുടെ നവീകരണമായതോടെ വലുതും ചെറുതുമായ നിരവധി വാഹനങ്ങളും ഈ പാതയെയാണ് ആശ്രയിക്കുന്നത് .
എന്നാൽ റോഡിൽ ലബ്ബക്കടക്ക് സമീപം ഉള്ള കലുങ്കിന്റെ വശങ്ങൾ ഇടിഞ്ഞു താഴ്ന്നത് വലിയ അപകട കെണിയായി മാറിയിരിക്കുകയാണ്.കലുങ്കിന്റെ വശങ്ങളിലെ സംരക്ഷണഭിത്തി ഇടിഞ്ഞ് മഴവെള്ളം അടക്കം ഒഴുകിയെത്തി ഇവിടെ വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെയാണ് ഈ ഭാഗം അറ്റകുറ്റപ്പണി നടത്തി അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യവുമായി ബിജെപി കൽത്തൊട്ടി മേഖലാ കമ്മിറ്റി രംഗത്ത് വന്നത്.
ഇതിൻറെ ഭാഗമായി കാഞ്ചിയാർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.ഈ ഭാഗത്തെ കലുങ്കിന്റെ സംരക്ഷണഭിത്തി അപകടകെണിയായി മാറിയ വിവരം മുൻപ് മാധ്യമ വാർത്ത ആയിരുന്നു.ഇതെല്ലാം കണ്ടിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥക്കെതിരെ പ്രതിഷേധവും ശക്തമാണ്. അപകടങ്ങൾക്ക് വഴിവെക്കും മുമ്പ് അടിയന്തര പ്രാധാന്യം നൽകി ഈ ഭാഗം പുനർ നിർമ്മിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത് .