ഇടുക്കിയിലെ അനധികൃത ഭൂ ഇടപാടുകളിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണവുമായി സ്വതന്ത്ര കർഷക സംഘടനയായ അതി ജീവന പോരാട്ട വേദി രംഗത്ത്

ഇടുക്കുയിലെ സങ്കീർണ്ണമായ ഭൂ പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ യാതൊരു നടപടിയും റവന്യൂ വിഭാഗം സ്വീകരിയ്ക്കുന്നില്ല. എന്നാൽ വൻകിട കൈയേറ്റങ്ങൾക്കും വലിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും യാതൊരു തടസവുമില്ലെന്ന് പോരാട്ട വേദി ആരോപിയ്ക്കുന്നു.
ചിന്നക്കനാലിൽ അടക്കം ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണത്തിന് എൻ ഓ സി നിഷേധിയ്ക്കുമ്പോഴാണ് വാഗമണ്ണിൽ വൻകിട നിർമ്മാണങ്ങൾ നടക്കുന്നത്. പീരുമേട്ടിലെ പൂട്ടികിടക്കുന്ന തോട്ടങ്ങൾ മുറിച്ചു വിൽക്കുന്നുണ്ട്. ഇത്തരം ഇടപാടുകൾക്കെല്ലാം ജില്ലാ ഭരണകൂടത്തിന്റെ മൗനാനുവാദം ഉണ്ടെന്നാണ് ആരോപണം.
ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നിലനിൽക്കുന്ന ഭൂ വിഷയങ്ങളിൽ കക്ഷി കൂടിയാണ് അതി ജീവന പോരാട്ട വേദി. ജില്ലയിലെ അനധികൃത ഭൂ ഇടപാടുകളിൽ സംസ്ഥാനത്തേയും ജില്ലയിലെയും പ്രധാന ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടോ എന്ന് അന്വേഷിയ്ക്കണം എന്ന് ആവശ്യപെട്ടാണ് പോരാട്ട വേദി കോടതിയെ സമീപിയ്ക്കാൻ ഒരുങ്ങുന്നത്.