കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ നടത്തുന്ന വ്യാപാരി വ്യവസായി സമിതിയുടെ വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് തൊഴിലാളികൾ

കട്ടപ്പന പുതിയ ബസ് സ്‌റ്റാൻഡിലേ ഓട്ടോ റിക്ഷ തൊഴിലാളികൾക്കെതിരെ നടത്തുന്ന വ്യാപാരി വ്യവസായി സമിതിയുടെ വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് തൊഴിലാളികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള ഓട്ടോ സ്റ്റാൻഡിന്റെ എക്സ്റ്റൻഷൻ ആയി വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിലാണ് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നതെന്നും തൊഴിലാളികൾ പറഞ്ഞു.
നഗരസഭ, പോലീസ്,RT ഓഫീസ് എന്നിവിടങ്ങളിൽ നൽകിയ നിരന്തര പരാതി പരിഗണിച്ച് കഴിഞ്ഞ ബുധനാഴ്ച ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മറ്റിയുടെ തീരുമാനമനുസരിച്ചാണ് ബസ് സ്റ്റാൻഡിന്റെ മറുഭാഗത്ത് അഞ്ച് കെട്ടോ റിക്ഷകൾ പാർക്ക് ചെയ്യാൻ തീരുമാനിച്ചതെന്നും ഇതിനെതിരെയാണ് വ്യാപാരി വ്യവസായി സമിതി രംഗത്ത് വന്നിരിക്കുന്നതെന്നുമാണ് തൊഴിലാളികൾ പറയുന്നത്.
നഗരത്തിലേയും സമീപപ്രദേശങ്ങളിലേയും വിവിധ സ്റ്റാൻഡുകളിൽ പെർമിറ്റ് ലഭിച്ചവരും ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന പെർമിറ്റ് ഇല്ലാത്തവരുമായ അൻപതോളം ഓട്ടോ റിക്ഷകളാണ് പുതിയ ബസ്റ്റാൻഡിനുള്ളിൽ കയറി ഗതാഗത തടസം സൃഷ്ടിക്കുകയും ഓട്ടം എടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നുമാണ് പരാതി. പുതിയ പാർക്കിംഗ് തുടങ്ങിയതോടെ ബസ്റ്റാൻഡിനുള്ളിൽ കറങ്ങി നടന്നിരുന്ന ഓട്ടോ റിക്ഷകളുടെ ശല്യം പരിഹരിക്കാൻ കഴിഞ്ഞതായും തൊഴിലാളികൾ പറഞ്ഞു.
കേരളത്തിലേ മറ്റൊരു ബസ്റ്റാൻഡിലും നടക്കാത്ത രീതിയിൽ സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡ്കൈയ്യടക്കുന്ന കാഴ്ചയാണ് ഇവിടെ കാണാറുള്ളത്. യാത്രക്കാർക്ക് ഭീഷണി സൃഷ്ടിച്ചു കൊണ്ട് സദാസമയവും ചീറിപ്പായുന്ന സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും ചരക്ക് ലോറികളുമുൾപ്പടെ സ്റ്റാൻഡിനുള്ളിൽ കയറുന്നത് തടയേണ്ടതിന് പകരം ഓട്ടോ റിക്ഷ തൊഴിലാളികൾക്കെതിരേയുള്ള വ്യാപാരികളുടെ ഇടപെടൽ പ്രതിക്ഷേധാർഹമാണെന്നും തൊഴിലാളികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സണ്ണി ജോസഫ്, ബേബി വർക്കി, മാത്യു പി.എം., ഡിനു തോമസ്, പി.എൻ.സോമൻ, ബിജു ജി., പങ്കജാക്ഷൻ ആർ. തുടങ്ങിയവർ പങ്കെടുത്തു.