മതസൗഹാർദ്ദത്തിന്റെ മാറ്റൊലിയുമായി മൂന്നാറിലെ ബക്രീദ് ദിനാഘോഷം

സാഹോദര്യത്തിൻ്റെയും മാനവീകതയുടെയും മൂല്യങ്ങൾ വെളിപ്പെടുന്ന ദൃശ്യങ്ങളായിരുന്നു മൂന്നാർ ജുമാ മസ്ജിദിൽ ഒരുങ്ങിയത്. മസ്ജിദിൽ ചടങ്ങുകൾക്ക് എത്തിയ വൈദീക സംഘം വിശ്വാസികൾക്ക് ആശംസകൾ കൈമാറിയാണ് മത സൗഹാർദ്ദ മൂല്യങ്ങൾ ഉയർത്തി പിടിച്ചത്.പെരുനാൾ ദിനത്തിൽ മുസ്ലീം പള്ളിയിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്കിടെയായിരുന്നു ക്രൈസ്തവ ദേവാലയത്തിലെ വൈദീകർ മുസ്ലിം സഹോദരങ്ങൾക്ക് ആശംസകൾ നേരുവാൻ എത്തിയത്.
പള്ളിയിൽ എത്തിയവർക്ക് സാഹോദര്യത്തിൻ്റെ മധുരം നുണയുവാൻ ഒരു കപ്പ് പായസം. പിന്നീട് മസ്ജിദ് ഓഫീസിൽ ആനയിച്ച് ഇരുത്തി സ്നേഹാന്വേഷണം. മൂന്നാർ മുസ്ലിം ജുമാ അത്ത് പ്രസിഡൻ്റ് കെ.എം. ഖാദർ കുഞ്ഞ്, സെക്രട്ടറി നസീർ അഹമ്മദ്, ഉസ്താദ് ആഷിഖ് ഹൗസാരി അൽ ഖാസിമി, ഭാരവാഹി കമറുദ്ദീൻ എന്നിവർ ചേർന്നായിരുന്നു അതിഥികളെ സ്വീകരിച്ചത്.
മൂന്നാർ ബസിലിക്ക റെക്ടർ ഫാ. മൈക്കിൾ വലിയഞ്ചിയിൽ, ഫാ. അനസ് പോൾ, ഫാ. ഫ്രാൻസിസ് പുല്ലാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി നിഗേഷ് ഐസക്ക്, റിച്ചാർഡ് ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് മസ്ജിദിൽ എത്തിയത്. പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തിയാകുന്നതു വരെ കാത്തിരുന്ന വൈദീകർ മുസ്ലീം സഹോദരങ്ങൾക്ക് ആശംസകൾ കൈമാറി.
പ്രാർത്ഥനാ ചടങ്ങുകൾക്കു ശേഷം ജുമാ മസ്ജിദ് ഉസ്താദ് വൈദീകരെ പള്ളിക്ക് ഉള്ളിലേക്ക് ആനയിച്ച് പ്രാർത്ഥനാ ചടങ്ങുകളെക്കുറിച്ച് വിശദീകരിച്ചു.കഴിഞ്ഞയിടെ മൂന്നാർ ദേവാലയത്തിൽ നടന്ന ചടങ്ങുകളിൽ ജുമാ അത്ത് പ്രതിനിധികൾ സംബന്ധിച്ചതും സാഹോദര്യത്തിൻ്റെ സന്ദേശം പങ്കുവയ്ക്കാനായിരുന്നു.