വൈദികൻ ചമഞ്ഞ് കബളിപ്പിച്ച് കട്ടപ്പന സ്വദേശിയുടെ ഒന്നര പവന്റെ മാല കവർന്നു

വൈദികൻ ആണെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് ഒന്നരപ്പവൻ സ്വർണ്ണമാലയുമായി യുവാവ് കടന്നു.കട്ടപ്പന സ്വദേശിനെ സാലിയാണ് തട്ടിപ്പിനിരയായത്.കട്ടപ്പനയിൽ ഭർതൃവീട്ടിലായിരുന്ന സാലി, ശാരീരിക അസ്വസ്ഥതകൾ ഉള്ള മാതാവ് കുട്ടിയമ്മയെ പരിചരിക്കാൻ ആണ് സ്വന്തം വീടായ പള്ളിക്കത്തോടിലെ കുടുംബ വീട്ടിൽ എത്തിയത്. വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം.
സാലി വീടിനു മുന്നിൽ നിൽക്കുകയായിരുന്നു. ഈ സമയം ബൈക്കിൽ പോയ യുവാവ് തിരികെയെത്തി വൈദികൻ ആണെന്നും കുട്ടിയമ്മയെ കാണാൻ എത്തിയതാണെന്നും പറഞ്ഞു. വൈദിക വേഷം അല്ല ധരിച്ചിരുന്നത്. യുവാവ് വീടിനുള്ളിൽ നിന്നും പ്രാർത്ഥിച്ച ശേഷം, പള്ളിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ കുട്ടിയമ്മയ്ക്ക് അനുവദിച്ചു എന്നും 12,000 രൂപ ഇപ്പോൾ തരണമെന്നും അനാഥാലയത്തിലെ കുട്ടികൾക്ക് ഭക്ഷണം നൽകാനാണ് പണമെന്നും പറഞ്ഞു.
ഇതോടെ സാലി കയ്യിൽ സൂക്ഷിച്ച പണം എണ്ണി നോക്കി. 5000 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാലയുണ്ടെങ്കിൽ പണയം വച്ച് എടുത്തോളാം എന്ന് പറഞ്ഞതോടെ ഒന്നര പവന്റെ മാല യുവാവിന് കൊടുത്തു.അന്തരീക്ഷത്തിൽ വൃത്തം വരച്ച് ഒരു പ്രാർത്ഥന നടത്തി മാല വാങ്ങി യുവാവ് വീണ്ടും പ്രാർത്ഥന നടത്തിയപ്പോൾ സംശയം തോന്നി. എവിടെ നിന്ന് വരുന്നു, പള്ളി ഏതാണ് എന്ന് ചോദിച്ചതോടെ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെട്ടു.