ഇടുക്കി ജില്ലയില്‍ 13 കോടി രൂപയുടെ മരാമത്ത് പ്രവൃത്തികള്‍ക്ക് ഭരണാനുമതി

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 313 കോടി രൂപയ്ക്ക് ഭരണാനുമതിയായി. 117 റോഡുകളുടെ പുനർനിർമാണത്തിന് 269.19 കോടി രൂപയും രണ്ട് നടപ്പാലങ്ങൾക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങൾക്ക് 37 കോടി രൂപയുമാണ് അനുവദിച്ചത്. റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
ഇടുക്കി ജില്ലയിൽ ആകെ 13 കോടി രൂപ ചെലവിട്ട് മൂന്നു റോഡുകളുടെ നവീകരണവും ഒരു നടപ്പാലത്തിന്റെ നിര്‍മാണവുമാണുള്ളത്. ഉടുമ്പഞ്ചോല മണ്ഡലത്തിലെ ആശാരിക്കവല- തോവാള – മന്നാക്കുടി റോഡിന് അഞ്ചു കോടിയും, പീരുമേട് മണ്ഡലത്തിലെ വട്ടപ്പതാല്‍ മലൈപ്പുതുവല്‍- ചീന്തലാര്‍ റോഡിന് രണ്ടു കോടിയും, ദേവികുളം മണ്ഡലത്തിലെ വെള്ളത്തൂവല്‍ ചെങ്കുളം ഡാം കവല- ശല്യാംപാറ- തോട്ടാപ്പുര റോഡിന് മൂന്നു കോടിയുമാണ് അനുവദിച്ചത്. കാഞ്ഞാര്‍ പാലത്തിന് സമാന്തരമായി പുതിയ നടപ്പാലം പണിയുന്നതിന് 3.62 കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.