ഇരട്ടയാർ ശാന്തിഗ്രാം സർക്കാർ സ്കൂളിലെ കുട്ടികളെ സ്വകാര്യ മാനേജ്മെൻ്റ് സ്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം നടത്തി

ഇരട്ടയാർ ശാന്തിഗ്രാം സർക്കാർ സ്കൂളിലെ കുട്ടികളെ സ്വകാര്യ മാനേജ്മെൻ്റ് സ്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം നടത്തി. പ്രധാനധ്യാപകരുടെയും പി ടി എയുടെയും മൊഴി രേഖപ്പെടുത്തി.
ഇരട്ടയാർ ശാന്തിഗ്രാം സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ കുട്ടികളെ സ്ക്കൂൾ അധികൃതരും രക്ഷകർത്താക്കളും അറിയാതെ എയ്ഡഡ് സ്ക്കൂളിലേക്ക് മാറ്റിയയെന്ന പരാതി വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മണികണ്ഠൻ സ്കൂളിലെത്തി വിശദമായ അന്വേഷണം നടത്തി.
സ്കൂളിലെ പ്രഥമാധ്യാപികയുടെയും പി ടി എ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി. ഒപ്പം എയ്ഡഡ് സ്കൂളിലും ഇതു സംബന്ധിച്ച് അന്വേഷണം നടത്തി.സംഭവത്തിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരുടെ അധികൃത ഇടപ്പെടൽ ഉണ്ടായെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് ഡി ഇ ഒ നേരിട്ട് സ്കൂളുകളിലെത്തി അന്വേഷണം നടത്തിയത്.
ഈ അധ്യയന വർഷത്തെ ആറാം ദിവസത്തെ കണക്കെടുപ്പിന് തൊട്ടു മുൻപാണ് ഗാന്ധിജി സ്കൂളിലെ 5 കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ പോർട്ടലിൽ നിന്നും ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയത്. ഈ കുട്ടികളുടെ രക്ഷിതാക്കൾ റ്റി സിക്കായി സ്കൂളിൽ അപേക്ഷ നല്കിയിരുന്നില്ല.
പോർട്ടലിൽ നിന്നും ഡിലീറ്റ് ചെയ്ത് 2 ദിവസങ്ങൾക്കു ശേഷമാണ് കുട്ടികളെ മാറ്റുന്നതിനായി ഓൺലൈൻ അപേക്ഷ സ്കൂളിൽ ലഭിക്കുന്നത്. കൂടാതെ മറ്റൊരു കുട്ടിയുടെ റ്റി.സിക്ക് രക്ഷിതാവ് അറിയാതെ ഓൺലൈൻ അപേക്ഷ ലഭിക്കുകയും എന്നാൽ സ്കൂൾ മാറാൻ താല്പര്യമില്ലെന്ന് രക്ഷിതാവ് എഴുതി നല്കുകയും ചെയ്തിരുന്നു.
തുടർന്നാണ് പരാതിയുമായി സ്കൂളധികൃതരും പിടിഎയും രംഗത്ത് എത്തിയത്. ഈ രേഖകളെല്ലാം തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പരിശോധിച്ചു. രണ്ട് ദിവസത്തിനകം സംഭവത്തിൻ്റെ വിശദമായ അന്വേഷണ റിപ്പോർട്ട് വകുപ്പ് മേലധികാരികൾക്ക് കൈമാറുമെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർ വ്യക്തമാക്കി..