സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തും

സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി ഇന്ന് (13-06-2024) മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തും. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. 2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്. അതിന് ശേഷം അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും, വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിക്കും. പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിൻറെ ഭാഗമായി പഴയ അണക്കെട്ട് പൊളിക്കുമ്പോഴുണ്ടാകാവുന്ന പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള അനുമതിക്കായി സർക്കാർ വനം പരിസ്ഥിതി മന്ത്രാലത്തിനെ സമീപിച്ചത് തമിഴ്നാട് എതിർത്തിരുന്നു.
ഈ സാഹചര്യത്തിലുമാണ് മേൽനോട്ട സമിതിയുടെ സന്ദർശനം. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ കശ്യക് അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ് ചീഫ് എൻജിനീയർ ആർ. പ്രിയേഷ് എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന കാവേരി സെൽ ചെയർമാൻ ആർ സുബ്രഹ്മണ്യൻ എന്നിവരും അംഗങ്ങളാണ്. പരിശോധനക്ക് ശേഷം വെള്ളിയാഴ്ച സംഘം യോഗം ചേരും.