ഇടുക്കി കട്ടപ്പനയിലെ ഇരട്ടകൊലപാതക കേസിൽ വിജയൻറെ മകൻ വിഷ്ണുവിനെ മാപ്പു സാക്ഷിയാക്കുന്നതിനുള്ള രഹസ്യ മൊഴിയെടുപ്പ് പൂർത്തിയായി

കട്ടപ്പന കക്കാട്ടുകടയിൽ വാടകയ്ക്കു താമസിച്ചിരുന്ന നെല്ലിപ്പള്ളിൽ വിജയനെ കൊലപ്പെടുത്തി വീട്ടുനുള്ളിൽ കുഴിച്ചു മൂടിയ കേസിലെ രണ്ടാം പ്രതിയാണ് മകൻ വിഷ്ണു. സഹോദരിയുടെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയുമാണ്. ഒപ്പം രണ്ടു മോഷണക്കേസുകളിലും പ്രതിയാണ്. ഈ കേസുകളിലെല്ലാം ഒന്നാം പ്രതി പുത്തൻ പുരക്കൽ നിതീഷാണ്.സ്വന്തം കുഞ്ഞിനെയും ഭാര്യാ പിതാവിനെയുമാണ് കൊലപ്പെടുത്തിയത്.
ഇതിനു പുറമെ ബലാത്സംഗ കേസുമുണ്ട്. ആഭിചാര കർമ്മങ്ങൾ നടത്തുന്ന നിതീഷിൻറെ ഭീഷണിക്ക് വഴങ്ങിയാണ് വിജയനും ഭാര്യയും രണ്ടു മക്കളും മടങ്ങുന്ന കുടുംബം ജീവിച്ചത്. വർഷങ്ങളോളം വീട്ടിലെ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ നിതീഷ് വിജൻറെ ഭാര്യയെയും മകളെയും അനുവദിച്ചിരുന്നില്ല. ഭയം മൂലം അച്ഛനെയും സഹോദരിയുടെ കുഞ്ഞിനെയും നിതീഷ് കൊലപ്പെടുത്തിയ വിവരം വിഷ്ണു പുറത്ത് പറഞ്ഞിരുന്നില്ല.
കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് വിവരങ്ങൾ പുറത്തു വന്നത്. കുടംബത്തെ തകർത്ത നിതീഷിന് തക്ക ശിക്ഷ ലഭിക്കാനാണ് മാപ്പു സാക്ഷിയാകാൻ വിഷ്ണു തീരുമാനിച്ചത്. തൊടുപുഴ സിജെഎം കോടതിയുടെ നിർദ്ദേശ പ്രകാരം കട്ടപ്പന ഒന്നാം ക്ലാസ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
രഹസ്യമൊഴിയുടെ പകർർപ്പ് അന്വേഷണ ഉദ്യോഗസ്ഥന് കോടതി കൈമാറും. നിതീഷിനെതിരെയുള്ള ശക്തമായ തെളിവുകളിലൊന്നായി പോലീസിന് ഇതുപയോഗിക്കാൻ കഴിയും. വിഷ്ണുവിനെ മാപ്പു സാക്ഷിയാക്കി വേഗത്തിൽ കുറ്റ പത്രം സമർപ്പിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. വിഷ്ണുവിനു വേണ്ടി അഡ്വ പി എ വിൽസൺ കോടതിയിൽ ഹാജരായി.