പത്തു വർഷത്തിലധികമായി മാലിന്യം മൂടിക്കിടന്ന കുളത്തിന് നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിലൂടെ പുനർജൻമം
35 വർഷം മുമ്പാണ് മുട്ടുകാട് പാടശേഖരത്തിലെ ജലക്ഷാമത്തിന് പരിഹാരമായി ഈ കുളം നിർമ്മിച്ചത്. ഏറെക്കാലം ഈ കുളത്തിലെ ജലം കൃഷി ആവശ്യങ്ങൾക്കും നാട്ടുകാർക്ക് കുളിക്കാനും ഉപയോഗിച്ചിരുന്നു. അക്കാലത്ത് മുട്ടുകാട് ഗ്രാമത്തിലെ മിക്കവാറും കുട്ടികളെല്ലാം നീന്തൽ പഠിച്ചതും ഈ കുളത്തിലാണ്. കത്തുന്ന വേനൽക്കാലത്ത് നാട്ടിലെ പ്രധാന കളിയരങ്ങായിരുന്നു ഈ ജലസ്രോതസ്സ്. എന്നാൽ പിന്നീട് സാമൂഹ്യവിരുദ്ധർ കുളത്തിലേക്ക് ഒഴിഞ്ഞ മദ്യക്കുപ്പികളും മാലിന്യവും തള്ളി.
ഇത് പതിവായതോടെ കുളം ഉപയോഗശൂന്യമായി. ഈ വർഷം മുൻപെങ്ങുമില്ലാത്ത വിധം മുട്ടുകാട് മേഖലയെ വരൾച്ച പിടികൂടിയിരുന്നു. ചെറിയ ജലസ്രോതസ്സുകൾ എല്ലാം വറ്റി. സമീപത്തെ കൃഷിയിടങ്ങൾ ഉണങ്ങി നശിച്ചു. ഈ സാഹചര്യത്തിലാണ് നാടിനാകെ ജീവജലം നൽകിയിരുന്ന പഴയ കുളം നന്നാക്കിയെടുക്കാൻ നാട്ടുകാർ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഇരുപതോളം പ്രദേശവാസികൾ ഏറെ പണിപ്പെട്ടാണ് കുളം വൃത്തിയാക്കിയത്. കുളത്തിലെ വെള്ളം വറ്റിക്കാൻ രണ്ട് മോട്ടറുകളും ഉപയോഗിച്ചു. വൃത്തിയാക്കിയ കുളത്തിൽ ഇപ്പോൾ സമൃദ്ധമായി വെള്ളമുണ്ട്. കൃഷി ആവശ്യങ്ങൾക്ക് പുറമേ കുളിക്കാനും കുട്ടികൾക്ക് നീന്തൽ പഠിക്കാനുമൊക്കെ കുളം ഉപയോഗിക്കാൻ കഴിയും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.