ഇടുക്കി തങ്കമണിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കള്ളക്കേസിൽ കുടുക്കി എന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തങ്കമണി പോലീസ് സ്റ്റേഷനിൽ പ്രതിഷേധവും ഉപരോധവും സംഘടിപ്പിച്ചു

കഴിഞ്ഞദിവസം ഇടുക്കി തങ്കമണി സ്റ്റേഷൻ പരിധിയിലെ ഇടിഞ്ഞമലയിൽ വെയിറ്റ് ഷെഡിൽ നിന്ന യുവാക്കൾക്ക് നേരെ തങ്കമണി എസ്. ഐ. ഐ.എൻ ബാബു അകാരണമായി ക്ഷോഭിക്കുകയും അസഭ്യം പറയുകയും ചെയ്തതിനേതുടർന്ന് പോലിസുമായി വാക്കേറ്റമുണ്ടായി. സംഭവസ്ഥലത്ത് എത്തിയ പൊതുപ്രവർത്തകൻ റെജി ഇലിപ്പുലക്കാട്ടിനെയും പോലീസ് അസഭ്യം പറഞ്ഞതായും ആരോപണമുയർന്നിരുന്നു.
സംഭവത്തിൽ തങ്കമണി എസ്ഐക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയതിനിടെ സ്ഥലത്തില്ലാതിരുന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഇടിഞ്ഞുമല സ്വദേശി ആനന്ദതോമസിനെ കൈവിലങ്ങ് അണിയിച്ച് അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് വൈകിട്ട് ഡി.സി. സി സെക്രട്ടറി ബിജോ മാണിയുടെയും ഡിസിസി വൈസ് പ്രസിഡണ്ട് മുകേഷ് മോഹനൻ്റെയും നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ തങ്കമണി സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
പോലീസ് കോൺഗ്രസ് നേതാക്കൾക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും എതിരെ കള്ള കേസ് ആണ് എടുത്തിരിക്കുന്നത് എന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും നാളെ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഡി.സി.സി. സെക്രട്ടറി ബിജോമണി പറഞ്ഞു. സംഘർഷാവസ്ഥ മുന്നിൽകണ്ട് കട്ടപ്പന നെടുങ്കണ്ടം ഇടുക്കി സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘം ഇടുക്കി എ ആർ ക്യാമ്പിൽ നിന്നുള്ള പ്രത്യേക സംഘവും സ്ഥലത്തെത്തിയിരുന്നു.